റോഡില്‍ നിറയെ കുണ്ടും കുഴിയും; മേയറെ ട്രക്കിന് പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് രോഷം തീര്‍ത്ത് ഗ്രാമീണര്‍!

0
268

ആഹാ, കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത. കേരളത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഏതൊരു മലയാളിയും ഒരു നിമിഷമെങ്കിലും ഇങ്ങനെ ചിന്തിച്ച് പോയിരിക്കും. പക്ഷെ ജനാധിപത്യം നടമാടുന്ന, പ്രത്യേകിച്ച് അഭ്യസ്തവിദ്യര്‍ കൂടുതലായുള്ള കേരളത്തില്‍ പ്രതികരണം പോലും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ജനപ്രതിനിധികള്‍ സുരക്ഷിതരാണ്. അവര്‍ പോലീസ് അകമ്പടിയില്‍ നികുതിപ്പണം കൊണ്ട് ഇന്ധനം നിറച്ച് കാറുകളില്‍ ചീറിപ്പായുന്നത് തുടരും.

എന്നാല്‍ അങ്ങ് മെക്‌സിക്കോയിലെ ഒരു ഗ്രാമത്തില്‍ ഇതായിരുന്നില്ല സ്ഥിതി. ഗ്രാമത്തിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് തരിപ്പണമായിട്ടും അതൊന്ന് ശരിപ്പെടുത്താന്‍ മേയര്‍ തുനിഞ്ഞില്ല. ഫലമോ, ഗ്രാമവാസികള്‍ നേരിട്ടിറങ്ങി അങ്ങ് പ്രതികരിച്ചു. മേയറെ ട്രക്കിന് പിന്നില്‍ കെട്ടിയിട്ട് തെരുവിലൂടെ വലിച്ചിഴച്ചാണ് വാഗ്ദാനലംഘനത്തിന് ശിക്ഷ നടപ്പാക്കിയത്.

മെക്‌സിക്കോയിലെ ചിയാപാസിലുള്ള ലാസ് മാര്‍ഗറിറ്റാസ് മേയര്‍ ജോര്‍ജ്ജ് ലൂയിസ് എസ്‌കാന്‍ഡണ്‍ ഹെര്‍ണാണ്ടസാണ് ജനരോഷത്തിന്റെ ചൂട് സ്വന്തം ശരീരം കൊണ്ടറിഞ്ഞത്. മേയറുടെ ഓഫീസിലെത്തി വാഗ്ദാനം പാലിക്കാന്‍ ആവശ്യപ്പെട്ട ജനക്കൂട്ടം ഇതില്‍ തൃപ്തരാകാതെ ജോര്‍ജ്ജിനെ വലിച്ചിറക്കി ട്രക്കില്‍ കെട്ടിയാണ് ഗ്രാമപ്രദ്യക്ഷണം നടത്തിയത്.

40 പോലീസ് ഓഫീസര്‍ രംഗത്തിറങ്ങി അക്രമം തടഞ്ഞാണ് മേയറെ രക്ഷപ്പെടുത്തിയത്. 20 പേര്‍ക്ക് കൂട്ടത്തല്ലില്‍ പരുക്കേറ്റു. 30 പേരെ അറസ്റ്റ് ചെയ്തു. നാട്ടിലെ കുഴികളില്‍ വീണിട്ടും മേയര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.