ഞായറാഴ്ച നബി ദിനം ആഘോഷിക്കുകയായിരുന്നു മുസ്ലീം വിശ്വാസികള്‍. എന്നാല്‍ കോഴിക്കോട് പേരാമ്പ്രക്ക് സമീപമുള്ള ഇടിവെട്ടി ജുമാമസ്ജിദ് ആ ദിവസം നബിദിനം ആഘോഷിക്കേണ്ടെന്ന് തീരുമാനിച്ചു. കാരണം ഇക്കാലത്ത് എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ പോന്ന ഒന്ന് തന്നെയാണ്.
പള്ളിയുടെ അരികില്‍ താമസിക്കുന്ന ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണം ആ ദിവസമായിരുന്നു. ഇത് പരിഗണിച്ചാണ് മഹല്ല് കമ്മിറ്റിക്കാര് നബിദിനം ആഘോഷിക്കാന്‍ മറ്റൊരു ദിവസം തെരഞ്ഞെടുത്തത്. ആഘോഷം മാറ്റിയെങ്കിലും കമ്മിറ്റിക്കാര് വിവാഹം ആഘോഷമാക്കാന്‍ ഒത്തുചേരുകയും ചെയ്തു.
വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കിയ വധു പ്രത്യുഷ വരന്റെ കൈപിടിച്ച് ആദ്യം പോയത് മഹല്ല് കമ്മിറ്റി അംഗങ്ങളെ കാണാനാണ്. തന്റെ വിവാഹദിനം അവിസ്മരണീയമാക്കിയ ഇവര്‍ക്ക് നേരില്‍ നന്ദി അറിയിച്ചു. പള്ളിയും, മദ്രസയും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരെ എതിര്‍വശത്താണ് പ്രത്യുഷയുടെ വീട്.
നബിയുടെ ജന്മദിനത്തിലാണ് വിവാഹം എന്നറിഞ്ഞതോടെയാണ് മഹല്ല് കമ്മിറ്റി ചേര്‍ന്ന് ആഘോഷം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിറ്റി സെക്രട്ടറി എന്‍സി അബ്ദുറഹ്മാന് പറയുന്നു. ഒപ്പനയും, ദഫ്മുട്ടും, പാട്ടും, മത്സരങ്ങളും ഒക്കെ അരങ്ങേറുന്നതിനാല്‍ വിവാഹദിനത്തില്‍ ഇത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇവര്‍.
ആഘോഷം വേറൊരു ദിവസം നടത്താം, പക്ഷെ വിവാഹമെന്നത് പ്രത്യേക കാര്യമാണ്, അതും അയല്പക്കത്തെ പെണ്‍കുട്ടിയുടേത്, കമ്മിറ്റി അംഗം ഒ.ടി ബഷീര്‍ പറഞ്ഞു. നബിദിനമാണെന്ന് ഓര്‍ക്കാതെയാണ് വിവാഹം ആ ദിവസം നിശ്ചയിച്ചതെന്ന് പ്രത്യുഷയുടെ സഹോദരന് പ്രസൂണ്‍ കൂട്ടിച്ചേര്‍ത്തു. ആഘോഷം മാറ്റിവെയ്ക്കുമെന്ന് അറിഞ്ഞില്ല, അല്ലായിരുന്നെങ്കിലും രണ്ടും ഒരേ ദിവസം നടത്താമായിരുന്നു, സഹോദരന് പറഞ്ഞു.
മഹല്ല് കമ്മിറ്റി അംഗങ്ങള്‍ വിവാഹചടങ്ങുകളില്‍ ഭക്ഷണം കൂടി വിളമ്പാന്‍ ഒത്തുചേര്‍ന്നാണ് പരിപാടി ഗംഭീരമാക്കിയത്.