സിനിമാ ലോകം കാത്തിരുന്ന ഒരു ദിനമാണിന്ന്. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ ട്രെയിലര്‍ എത്തുന്ന ദിനം. മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ ഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു, ഒപ്പം ആഘോഷവും.
മലയാള സിനിമയെ പലകുറി അമ്പരപ്പിച്ച സംവിധായകനാണ് പ്രിയദര്ശന്. കാലാപാനി ഏറ്റവും വലിയ ഉദാഹരണം. ഇന്ത്യന്‍ സിനിമയുടെ മൂലയില്‍ കിടക്കുകയായിരുന്ന മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സമയത്താണ് പ്രിയദര്ശന് അത്തരമൊരു സിനിമ ഒരുക്കിയത്.
പ്രിയദര്ശന് എന്ന സംവിധായകന്റെ മികവില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അതുകൊണ്ട് കൂടിയാണ് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവാണ്. പ്രിയനൊപ്പം, അനി ഐ.വി.ശശിയും ചേര്‍ന്നാണ് തിരക്കഥ.
ട്രെയിലറിലെ മനോഹരങ്ങളായ സീനുകളും, ബിജിഎമ്മും ഇതിനകം തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞുകഴിഞ്ഞു. സാബു സിറില്‍ എന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാഹുബലിയേക്കാള്‍ ഒരു പടി മുകളില്‍ മരയ്ക്കാറിനായി യത്നിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍.
മോഹന്‍ലാലിന് പുറമെ പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ഹരീഷ് പേരാടി, മാമുക്കോയ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.