സാധാരണക്കാര്‍ക്ക് മന്ത്രി പദവി ലഭ്യമാകുന്നത് വരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങിനെയുള്ളപ്പോള്‍ ഗോവയില്‍ നിന്നൊരാള്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാകാന്‍ എത്തിയാലോ! മനോഹര്‍ പരീക്കര്‍ എന്ന ആ മനുഷ്യന് ദില്ലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോഴും ഒരു സാധാരണക്കാരനായി ജീവിച്ചുവെന്നതാണ് വാസ്തവം.
എന്ത് കൊണ്ടാണ് സാധാരണ വസ്ത്രം ധരിക്കുന്നതെന്നാണ് ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ പരീക്കറോട് അന്വേഷിച്ചത്. സ്യൂട്ട് പോലുള്ളവ ധരിച്ച് നടക്കുന്നത് ഒട്ടും സുഖകരമല്ല, പിന്നെ മുന്‍പത്തെ പ്രതിരോധ മന്ത്രിമാരേക്കാള്‍ മികച്ചതാണ് തന്റെ വസ്ത്രം, ദില്ലിയിലെ പളപളപ്പില്‍ മുങ്ങാതെ പരീക്കര്‍ പ്രതികരിച്ചു.
ആര്‍എസ്എസ് പ്രചാരകനില്‍ നിന്നും രാജ്യത്തെ പ്രതിരോധ മന്ത്രി പദത്തിലേക്കും, ഗോവ മുഖ്യമന്ത്രിയായും മാറിയപ്പോഴും സാധാരണക്കാരന് എന്ന നിലയില്‍ നിന്നും അദ്ദേഹം അണുവിട വ്യതിചലിച്ചില്ല. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയുമായി.
ബിജെപിയിലും, അതിന് പുറത്തേക്കും മനോഹര്‍ പരീക്കര്‍ എന്ന വ്യക്തിക്ക് സ്വീകാര്യത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസിന്റെ കോട്ടയെന്ന് കരുതിയിരുന്ന ഗോവയില്‍ ബിജെപി ഭരണം പിടിച്ചതും. സംഘത്തിലെ പ്രവര്‍ത്തനത്തോടൊപ്പം ഐഐടി ബോംബെയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗും പാസായ അദ്ദേഹം ആര്‍എസ്എസുമായുള്ള ബന്ധം ഒരിക്കലും ഒഴിവാക്കിയില്ല.
അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനുള്ള തീരുമാനം മുന്നോട്ട് വെയ്ക്കാനും മനോഹര്‍ പരീക്കര്‍ തയ്യാറായി. രാജ്യത്തെ പ്രതിരോധ മന്ത്രിയായാല്‍ കോലാപ്പുരി ചെരുപ്പ് ധരിക്കാന്‍ പറ്റുമോയെന്ന് ആശങ്കപ്പെട്ട ഒറിജിനല്‍ ആം ആദ്മി ആയിരുന്നു പരീക്കര്‍.