കഞ്ചാവ് പുകച്ച് തള്ളി വെളിവ് നഷ്ടമായി നടക്കാനുള്ള ദൂഷ്യവശം മാത്രമല്ല മരുന്നുകള്‍ നിര്‍മ്മിച്ച് ഗുണകരമായ രീതിയിലും ഉപയോഗിക്കാന്‍ അവസരമുണ്ട്. ഇത്തരത്തില്‍ മെഡിസിനല്‍ ഉപയോഗങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ രാജ്യങ്ങളുമുണ്ട്. നല്ല വരുമാനമുള്ള ഈ പരിപാടി തുടങ്ങിയാലോ എന്ന ആലോചനയിലാണ് ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂര്‍.
മരുന്നുകള്‍ക്കും, വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി കഞ്ചാവ് കൃഷി ചെയ്യാന്‍ സാധിക്കുമോയെന്നാണ് മണിപ്പൂര്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ കൃഷി നിയമവിധേയമായി അനുവദിക്കുന്നതിന് മുന്‍പ് ജനങ്ങളുടെ അനുമതി തേടുമെന്നാണ് സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്.
കഞ്ചാവ് നിയമവിധേയമായി ഉത്പാദിപ്പിക്കാന്‍ അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ നയങ്ങള്‍ ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് പൊതുജനങ്ങളുടെ നിലപാട് കൂടി വിഷയത്തില്‍ ആരായാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തലത്തില്‍ കഞ്ചാവ് കൃഷി മരുന്നുകള്‍ക്കും, വ്യാവസായിക അടിസ്ഥാനത്തിലും അനുവദിക്കുന്നതിന് അനുകൂല നിലപാടാണുള്ളത്.