വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ മാങ്ങ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന മാങ്ങയെ പലവിധത്തില്‍ നമ്മള് ഉപയോഗിക്കാറുണ്ട്. എന്നാല്‍ വര്‍ഷം മുഴുവന്‍ ലഭിക്കുന്ന മാവിന്റെ ഇലയോ, നിങ്ങളില്‍ എത്ര പേര് ഇത് ഉപയോഗപ്പെടുത്താറുണ്ട്?
പണ്ട് കാലത്ത് പല്ലുതേയ്ക്കാനെങ്കിലും മാവില ഉപയോഗിച്ചെങ്കില് ഇന്ന് അതും ഇല്ലാതായിക്കഴിഞ്ഞു. അലങ്കാരത്തിനായി ചിലപ്പോള്‍ മാവില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒട്ടേറെ ഔഷധ ഗുണമുള്ള ഒന്നാണ് മാവില. ചായ ഉണ്ടാക്കാനും, ഔഷധങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ട്.
മാവിന്റെ ഇലയും, വേരും, തൊലിയും എല്ലാം ആയുര്‍വ്വേദത്തില്‍ ഉപയോഗം പറയുന്നവയാണ്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പോളിഫിനോള്‍, ടെര്പെനോയിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാവിന്റെ ഇല.

കാഴ്ചശക്തി മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ടെര്പെനോയ്ഡുകള് സഹായിക്കും. കോശങ്ങളെ നശിപ്പിക്കുന്ന പ്രകൃതിയിലെ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ക്ക് സാധിക്കും.
പ്രമേഹം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കും, അല്‍ഷിമേഴ്സ് സൃഷ്ടിക്കുന്ന തലച്ചോറിലെ കോശങ്ങളിലെ പ്രശ്നങ്ങള്‍ക്കും വരെ മാവിലയെ പ്രയോജനപ്പെടുത്താമെന്ന് പുരാതന ഔഷധ പ്രചാരകര്‍ പറയുന്നു. ഇവയിലെ മാന്ജിഫെറിനാണ് ഇതിന് സഹായിക്കുന്നത്.
ഭാരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും മാവില ഗുണകരമാണ്. പ്രമേഹം, അമിതവണ്ണം എന്നിവയെ പിടിച്ചുകെട്ടാന്‍ മാവില സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാവിലെ വെറുതെ തിന്നുന്നത് എളുപ്പമാകില്ലെന്നതിനാല് ചായയില്‍ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ഗുണം ചെയ്യും. ഉണക്കി പൊടിച്ച് ഭക്ഷണത്തില്‍ രുചിക്കായി ചേര്‍ത്തും ഇത് ആസ്വദിക്കാം.