പ്രണയിച്ചവര്‍ ബന്ധം അവസാനിപ്പിച്ച് മറ്റൊരു വിവാഹത്തിലേക്ക് ചേക്കേറുന്നത് പ്രണയം അസ്ഥിക്ക് പിടിച്ചവര്‍ക്ക് ദുസ്സഹമായ കാര്യമാണ്. അത്തരം അവസ്ഥകളിലൂടെ കടന്നുപോയ അനവധി നിരവധി നിരാശാകാമുകീ-കാമുകന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നതിന് മുന്‍പാണ് ബന്ധം അവസാനിപ്പിച്ച് പോയ മുന്‍ കാമുകിയുടെ മുന്നിലേക്ക് അയാള്‍ ചാടിവീണത്.

പക്ഷെ കാര്യങ്ങള്‍ അല്‍പ്പം വൈകിപ്പോയിരുന്നു. വിവാഹവസ്ത്രം അണിഞ്ഞ് മറ്റൊരാളുമായുള്ള വിവാഹത്തിനായി വേദിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് ബൈക്കില്‍ മുന്‍ കാമുകന് എത്തിയത്. വാഹനം തടഞ്ഞ് മുന്‍ കാമുകിയുടെ മുന്നില്‍ ബൈക്കിലെത്തിയ ആള് മുട്ടുകുത്തി കാലുപിടിച്ച് വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
കൊളംബിയയിലെ ആന്റിയോക്വയിലെ നടുറോഡില്‍ നടന്ന സംഭവമാണ് വഴിപോക്കര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ചുടേറിയ വാഗ്വാദങ്ങള്‍ നടന്നതിന് ശേഷം വധു തലയില്‍ കൈവെച്ച് ഇരിക്കുമ്പോള്‍ ബൈക്കുകാരന് യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തള്ളിമാറ്റി.
ഇതോടെ വീണ്ടും മുട്ടുകുത്തി കേണപേക്ഷിച്ചതോടെ ചുറ്റും കൂടിയവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. പക്ഷെ ഈ വാക്കുകള്‍ അവഗണിച്ച് കാറിന്റെയും മനസ്സിന്റെയും ഡോര്‍ അടച്ച് വധു വേദിയിലേക്ക് യാത്രയായി.