മമ്മൂക്കയും, ലാലേട്ടനും; ഇവര്‍ മലയാള സിനിമയിലെ ‘അവസാന’ സൂപ്പര്‍താരങ്ങളാകും; കാരണം?

  Mohanlal & Mammooty, the last superstars of Malayalam cinema

  0
  403

  മമ്മൂട്ടിയെ ആരാധകര്‍ മെഗാ സ്റ്റാറെന്ന് വിളിക്കും, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടറെന്നും! എന്തൊക്കെ പേരിട്ട് വിളിച്ചാലും മമ്മൂക്കയും, ലാലേട്ടനും അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായി ഈ പുതിയ കാലത്തും മലയാളികള്‍ കാത്തിരിക്കുന്നു. യുവാക്കള്‍ക്ക് ഇതിലൊരു സംശയം പ്രകടിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരൊറ്റ ചോദ്യം സ്വയം ചോദിച്ചാല്‍ മതി, കുടുംബസമേതം പോയി കാണുന്ന ചിത്രങ്ങള്‍ ഏതൊക്കെ എന്ന്?

  മലയാള സിനിമ പുതിയ തലമുറയുടെ കൈകളിലേക്ക് എത്തിച്ചേര്‍ന്നു കഴിഞ്ഞു. ഈ സൂപ്പര്‍താരങ്ങളുടെ മക്കള്‍ തന്നെ സിനിമയില്‍ അഭിനയിക്കുന്നു. ഇവര്‍ക്ക് പുറമെ പ്രതിഭാധനരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ അഭിനയരംഗത്തും, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുമ്പോഴും മമ്മൂക്കയുടെയും, ലാലേട്ടന്റെയും പ്രഭാവത്തിന് കോട്ടം തട്ടുന്നില്ല.

  കഴിവിന്റെ കാര്യത്തില്‍ ഈ അഭിനയപ്രതിഭകളെ മറികടക്കാന്‍ തല്‍ക്കാലം ആര്‍ക്കും സാധിച്ചിട്ടില്ല. ഇവര്‍ അഭിനയിച്ച ഓരോ റോളും മലയാളി എന്നും മനസ്സില്‍ സൂക്ഷിക്കുന്നവയുമാണ്. എത്ര തവണ കണ്ട സിനിമ ആയാലും ചാനലില്‍ എപ്പോഴെങ്കിലും വീണ്ടും വന്നാല്‍ റിമോട്ട് പ്രയോഗിക്കാതെ ടിവിക്ക് മുന്നില്‍ മലയാളിയെ കുത്തിയിരുത്താന്‍ ഇവര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

  തീയേറ്ററുകളിലേക്ക് കുടുംബസമേതം ആളുകളെ എത്തിച്ചതില്‍ ഇവരെ പോലെ പങ്കുവഹിച്ച താരങ്ങള്‍ മറ്റാരുമില്ല. ഇത്രയും ആഴത്തിലുള്ള കഥാപാത്രങ്ങളെയും മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. 50 ദിവസത്തിന് അപ്പുറത്തേക്ക് സിനിമ തീയേറ്ററില്‍ ഓടുന്നത് ഇന്ന് ചിന്തിക്കാന്‍ പ്രയാസമാണ്. പക്ഷെ സി, ബി ക്ലാസ് തീയേറ്ററുകളില്‍ വരെ മമ്മൂക്ക, ലാലേട്ടന്‍ ചിത്രങ്ങള്‍ വന്‍വിജയമായി പ്രദര്‍ശിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.

  Mohanlal as Sethumadhavan and Mammootty as Chandu Chekavar

  ഏറ്റവും മികച്ച എഴുത്തുകാരും, സംവിധായകരും മമ്മൂട്ടിക്കും, മോഹന്‍ലാലിനുമായി എഴുതിയ കഥാപാത്രങ്ങള്‍ തന്നെയാണ് അവരെ ഈ നിലയില്‍ പ്രതിഷ്ഠിച്ചത്. അതേസമയം ആ കഥാപാത്രങ്ങള്‍ക്ക് മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ആഴവും, പരപ്പും സൃഷ്ടിക്കുന്നതില്‍ അഭിനേതാക്കള്‍ വിജയിച്ചുവെന്ന് ഉറപ്പിച്ച് പറയാം.

  സാഗര്‍ ഏലിയാസ് ജാക്കി ആയാലും ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ആണെങ്കിലും സ്‌ക്രീനില്‍ യുവാക്കളെക്കാള്‍ ചെറുപ്പമായി പ്രത്യക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ആ കഥാപാത്രങ്ങളുടെ ഓരോ ഡയലോഗും, ചലനങ്ങളും വരെ ആരാധകരെ വിസ്മയിപ്പിക്കുന്നു. കാലത്തിനൊത്ത് മാറുന്നില്ലെന്ന് കുറ്റപ്പെടുത്തല്‍ കേട്ടാലും ഇവരുടെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ ഗ്യാരണ്ടി ഉറപ്പ് നല്‍കാന്‍ സാധിക്കുന്നുണ്ട്.

  മലയാള സിനിമയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് അറിയാന്‍ നാട്ടില്‍ നടക്കുന്ന ഓരോ അവാര്‍ഡ് നിശയും ശ്രദ്ധിച്ചാല്‍ മതി. മികച്ച മലയാള സിനിമയുടെ ലിസ്റ്റ് എടുത്താല്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഇല്ലാത്തൊരു പട്ടിക നമുക്ക് സങ്കല്‍പ്പിക്കാനും കഴിയില്ല. പുത്തന്‍ തലമുറയുടെ ചിത്രങ്ങളില്‍ പോലും ഇവരുടെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നതും ഈ ആരാധനാബലം പ്രയോജനപ്പെടുത്തുന്നതിന് തെളിവാണ്.

  ന്യൂജെന്‍ സിനിമാക്കാരുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ആവര്‍ത്തിച്ച് കാണാന്‍ മലയാളിക്ക് ഇന്നും സാധിക്കുന്നില്ല. മമ്മൂക്കയും, ലാലേട്ടനും ചെയ്ത കഥാപാത്രങ്ങള്‍ ആണെങ്കില്‍, അവരുടെ ശബ്ദം പോലും ഉണ്ടെങ്കില്‍ ആ സിനിമ കാണാന്‍ മലയാളി ശ്രമിക്കുന്നുവെങ്കില്‍ തലക്കെട്ടില്‍ പറഞ്ഞ ‘ആ കാര്യം’ സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല.