ഫോര്‍ഡ് കാറുകള്‍ ഇനി മഹീന്ദ്ര വില്‍ക്കും

0
321

ഇന്ത്യയില്‍ ഫോര്‍ഡ് മോട്ടോര്‍ കോയുടെ കാറുകള്‍ വില്‍ക്കാന്‍ ഒരുങ്ങി മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. സംയുക്തമായി വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് അപ്പുറത്തേക്ക് നീങ്ങുകയാണ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി ഫോര്‍ഡ് കാറുകള്‍ വില്‍ക്കാനുള്ള ഷോറൂമുകള്‍ ആരംഭിക്കുകയാണ് മഹീന്ദ്ര ഡീലര്‍മാര്‍. ഫോര്‍ഡ് പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളിലും, ആവശ്യത്തിന് വില്‍പ്പന നേടാത്ത സ്ഥലങ്ങളിലുമാണ് മത്സരത്തിന് മഹീന്ദ്ര ഇറങ്ങുന്നത്.

ഇതിന് പുറമെ ഫോര്‍ഡ് കാറുകള്‍ക്കുള്ള സര്‍വ്വീസ് സെന്ററുകളും മഹീന്ദ്ര ഡീലര്‍മാര്‍ ആരംഭിക്കും. ഫോര്‍ഡിന്റെ ചാനല്‍ പാര്‍ട്ണര്‍മാര്‍ അത്ര വിപുലമല്ല. മഹീന്ദ്ര ഡീലര്‍മാരെ അണിനിരത്തി രാജ്യത്തെ എല്ലാ പട്ടണങ്ങളിലും, ജില്ലകളിലും എത്തുകയാണ് ഫോര്‍ഡിന്റെ ഉദ്ദേശം. ഫോര്‍ഡിനായി ചെറിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് വഴി മഹീന്ദ്ര ഡീലര്‍മാര്‍ക്കും സുഖമായി പണം ഉണ്ടാക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.

ചെറിയ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും മഹീന്ദ്രയ്ക്കുള്ള മേല്‍ക്കൈ പ്രയോജനപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം. ഫോര്‍ഡ് കാര്‍ വില്‍ക്കുമ്പോഴുള്ള വരുമാനത്തിന് പുറമെ സര്‍വ്വീസിന്റെയും തുക ഇതുവഴി മഹീന്ദ്ര ഡീലര്‍മാര്‍ക്ക് ലഭിക്കും. പ്രാരംഭ ഘട്ടത്തില്‍ 15 പട്ടണങ്ങളില്‍ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ ഇത് വ്യാപകമാക്കുകയാണ് മഹീന്ദ്രയും, ഫോര്‍ഡും.