സുരക്ഷയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ തീരെ പിന്നിലാണെന്ന ഒരു ചീത്തപ്പേരുണ്ടായിരുന്നു. പക്ഷെ അതെല്ലാം പഴയ കഥ. ആഗോള കമ്പനികളെ പോലും തോല്‍പ്പിക്കുന്ന മേന്മയേറിയ വാഹനങ്ങളുമായി ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ ചരിത്രം കുറിയ്ക്കുകയാണ്. ഇൗ ‘സല്‍പ്പേര്’ തങ്ങളുടെ പേരിനൊപ്പം കൂടി എഴുതിച്ചേര്‍ക്കുകയാണ് മഹീന്ദ്ര. മഹീന്ദ്രയുടെ മരാസോയാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ എംപിവി അഥവാ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായി മാറിയത്.
സുരക്ഷാ ഫീച്ചറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മഹീന്ദ്രയുടെ ചുവടുമാറ്റം ആദ്യമായി പ്രകടമാക്കിയ വാഹനം കൂടിയാണ് മരാസോ. എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവയ്ക്ക് പുറമെ ഡ്രൈവറുടെയും, മുന്‍നിര യാത്രക്കാരുടെയും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ വരെ മരാസോ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11.22 ലക്ഷം രൂപയാണ് മരാസോയുടെ പ്രാരംഭ വില.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 4 സ്റ്റാറും, കുട്ടികളുടെ സുരക്ഷയില്‍ 2 സ്റ്റാറുമാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത്. റിനോള്‍ട്ട് ലോഡ്ജി, ഷെവര്‍ലെ എന്ജോയ്, മാരുതി സുസുക്കി ഇക്കോ എന്നിവ പരാജയപ്പെട്ട ടെസ്റ്റിലാണ് മരാസോയുടെ നേട്ടം. ഹോണ്ട മൊബീലിയോയും ആദ്യം ടെസ്റ്റില്‍ പൂജ്യരായെങ്കിലും പിന്നീട് ഡ്യുവല്‍ എയര്‍ബാഗുകള്‍ ഘടിപ്പിച്ച് 3 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു.