8 വയസ്സുള്ള ഒരു നായയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സൂപ്പര്‍താരം. 5 മില്ല്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 36 കോടി രൂപ ഉടമ മരിച്ചതോടെ ഈ നായയ്ക്ക് പരമ്പരാഗത സ്വത്തായി കൈവന്നതാണ് ഈ വൈറല്‍ കഥയ്ക്ക് പിന്നിലെ വൈറല്‍ കാര്യം! ലുലു എന്നുപേരുള്ള ബോര്‍ഡര്‍ കോളി വിഭാഗത്തില്‍ പെട്ട നായയുടെ ഉടമ അമേരിക്കയിലെ ടെനെസിക്കാരന് ബില്‍ ഡോറിസാണ് ഈ വമ്പന്‍ തന്റെ പ്രിയപ്പെട്ട നായയ്ക്കായി സ്വത്ത് മാറ്റിവെച്ചത്.
ലുലു നായയ്ക്ക് 5 മില്ല്യണ്‍ എഴുതിവെച്ച വില്പത്രം!
ലുലുവിന്റെ ഉടമ എഴുതിവെച്ച വില്പത്ര പ്രകാരം ഈ തുക ഒരു ട്രസ്റ്റിന് കൈമാറി അവര്‍ നായയെ പരിപാലിക്കാനായി പണം ചെലവാക്കും. ഡോറിസിന്റെ സുഹൃത്ത് മാര്‍ത്താ ബര്‍ട്ടന്റെ പക്കലാണ് ലുലു ഇപ്പോഴുള്ളത്. ലുലുവിനെ നോക്കുന്നതിനുള്ള പണച്ചെലവ് മാര്‍ത്തയ്ക്ക് തിരികെ കിട്ടും.
നായയെ ഡോറിസിന് ഏറെ പ്രിയമായിരുന്നുവെന്ന് ബര്‍ട്ടണ്‍ വാര്‍ത്താചാനലുകളോട് പറഞ്ഞു. ഡോറിസിന്റെ യഥാര്‍ത്ഥ ആസ്തി എത്രയെന്ന് ഇപ്പോഴും വ്യക്തമല്ല. വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും, ആസ്തിയുമുള്ള വ്യക്തിയാണെന്ന് മാത്രമാണ് സുഹൃത്തുക്കള്‍ക്കും അറിവുള്ളത്.
അതേസമയം ലുലുവിന്റെ പേരില്‍ ഈ വന്‍തുക അടിച്ചെടുക്കാതിരിക്കാനും വില്പത്രത്തില് നിബന്ധനകളുണ്ട്. എന്നിരുന്നാലും 5 മില്ല്യണ്‍ യുഎസ് ഡോളര്‍ എഴുതിവെച്ച സ്ഥിതിക്ക് നായയെ നന്നാക്കി നോക്കാന്‍ തന്നെയാണ് ബര്‍ട്ടന്റെ തീരുമാനം.