തീപിടിക്കുന്ന ട്രെയിലറുമായി ലൂസിഫര്‍; ഉപജാപകഥകളുടെ വലയില്‍ കുരുങ്ങി പ്രേക്ഷകര്‍; ഇതിനകം കണ്ടത് കാല്‍ലക്ഷം പേര്‍

0
438

ബിസിനസ്സും, രാഷ്ട്രീയവും, അധികാരവൃന്ദവും തമ്മില്‍ ചില അവിശുദ്ധ ബന്ധങ്ങള്‍ നിലനില്‍ക്കും. സാധാരണക്കാരന്‍ കാണാതെ അവര്‍ തീരുമാനിക്കും അവിടുത്തെ ജനങ്ങളുടെ ജീവിതം. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫര്‍ ട്രെയിലര്‍ ഈ സൂചനകളാണ് നല്‍കുന്നത്.

മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഒരു ജനനേതാവ് നേരിടുന്ന ചതിയും, അദ്ദേഹം നേരിടുന്ന വഞ്ചനയും, ഒടുവില്‍ മരണവും, ഇതിനുള്ള പ്രതികാരവുമാണ് ട്രെയിലര്‍ വിവരിക്കുന്നത്. മഞ്ജു വാര്യര്‍ ഈ നേതാവിന്റെ മകളാണെന്നാണ് കരുതുന്നത്. നേതാവിന്റെ പകരക്കാരനായി തെരഞ്ഞെടുക്കുന്നത് സ്റ്റീഫന്‍ നെടുമ്പള്ളിയെയാണ്, ആ കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

വിവേക് ഒബ്‌റോയി ചിത്രത്തില്‍ പ്രധാന വില്ലനാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്ന യുവ നേതാവായി ടൊവീനോ തോമസും എത്തുന്നു. ട്രെയിലര്‍ ഇതിനകം 25 ലക്ഷം വ്യൂവേഴ്‌സ് കണ്ടുകഴിഞ്ഞു. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍ എന്നിവരെയും ട്രെയിലറില്‍ കാണാം. മുരളി ഗോപിയുടെ തിരക്കഥയിലാണ് ഈ രാഷ്ട്രീയ ത്രില്ലര്‍ ഒരുങ്ങുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് പൃഥ്വിരാജ് ഏറ്റെടുത്തത്. മാര്‍ച്ച് 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.