കാസറ്റില്‍ പാട്ടുകേട്ട തലമുറയ്ക്ക് അറിയാമോ ഓട്ടന്‍സിനെ? അവര്‍ക്കായി ആ ടേപ്പ് സൃഷ്ടിച്ച കണ്ടുപിടുത്തക്കാരന്‍ വിടവാങ്ങി

Lou Ottens- A revolution began with this man's invention- Tape Cassette

0
173

എപ്പോള്‍ വേണമെങ്കിലും, എവിടെ വെച്ചും ഇഷ്ടമുള്ള പാട്ട് കേള്‍ക്കാം, കാണാം, വെറും ഒരു ക്ലിക്ക് മാത്രം അകലെയാണ് ഗാനങ്ങള്‍. അതുകൊണ്ട് പാട്ടുകേള്‍ക്കലിന് അത്രയേറെ സവിശേഷമായ അവസ്ഥ നഷ്ടമായെന്ന് വേണം പറയാന്‍. പക്ഷെ അത്രയൊന്നും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതെ പോയ മുന്‍തലമുറയ്ക്ക് പാട്ടുകള്‍ ഒരു നൊസ്റ്റാള്‍ജിക് അനുഭവം തന്നെയാകും. പ്രത്യേകിച്ച് ടേപ്പ് റെക്കോര്‍ഡറില്‍ കാസറ്റ് ഇട്ട് പാട്ടുകള്‍ ആസ്വദിച്ചവര്‍ക്ക്!

കാസറ്റ് ഇട്ട് പാട്ടുകള്‍ കേട്ടവര്‍ക്ക് പോലും ആരാണ് ആ വിദ്യ കണ്ടുപിടിച്ചതെന്ന് അറിവുണ്ടാകാന്‍ ഇടയില്ല. ഡച്ച് കണ്ടുപിടുത്തക്കാരന്‍ ലോവു ഓട്ടെന്‍സ് എന്ന എഞ്ചിനീയറാണ് ആദ്യത്തെ കാസറ്റ് ടേപ്പ് സൃഷ്ടിച്ച ആ കണ്ടുപിടുത്തക്കാരന്‍. ലോകത്തെ മാറ്റിമറിച്ച ആ എഞ്ചിനീയര്‍ കഴിഞ്ഞ ദിവസം തന്റെ 94-ാം വയസ്സില്‍ മരണത്തെ പുല്‍കിയെന്ന് കുടുംബം അറിയിച്ചപ്പോഴാണ് ലോവു ഓട്ടന്‍സിന്റെ സംഭാവനയെ കുറിച്ച് ലോകം വീണ്ടും ഓര്‍ത്തത്.

1963ല്‍ ഓട്ടന്‍സ് നടത്തിയ ആ കണ്ടുപിടുത്തം പിന്നീട് ലോകത്ത് 100 ബില്ല്യണ്‍ കാസറ്റ് ടേപ്പുകളുടെ വില്‍പ്പനയിലാണ് കലാശിച്ചത്. ആളുകള്‍ സംഗീതം കേള്‍ക്കുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ കണ്ടുപിടുത്തം സഞ്ചരിക്കുമ്പോഴും പാട്ട് കേള്‍ക്കാനുള്ള അവസരമൊരുക്കി.

ഫിലിപ്‌സ് കമ്പനിക്ക് വേണ്ടിയാണ് ഓട്ടന്‍സ് ടേപ്പ് കാസറ്റ് സൃഷ്ടിച്ചത്. റീല്‍-ടു-റീല്‍ ടേപ്പില്‍ നിന്നും ഉപയോക്താക്കള്‍ക്ക് എളുപ്പം കൊണ്ടുനടക്കാവുന്ന വിദ്യ കണ്ടെത്താനുള്ള ഓട്ടന്‍സിന്റെ നേതൃത്വത്തിലുള്ള എഞ്ചിനീയര്‍മാരുടെ സംഘം നടത്തിയ ശ്രമങ്ങളാണ് കാസറ്റ് ടേപ്പില്‍ എത്തിച്ചത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യ നടമാടുന്ന ഇക്കാലത്ത് പാവം ടേപ്പ് കാസറ്റ് ചരിത്രത്തില്‍ പൊടിപിടിച്ച് കിടക്കുകയാണ്. പക്ഷെ സാംസ്‌കാരിക വിപ്ലവത്തില്‍ കാസറ്റ് സൃഷ്ടിച്ച ഏട് സുപ്രധാനമാണ്.