അയോധ്യയും, രാമനുമെല്ലാം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ആയുധങ്ങളാണ്. ഇതിന്റെ പേരില്‍ വോട്ട് വാങ്ങുന്നവരും, നിലനിന്നവരും, കാശ് വാങ്ങുന്നവരുമെല്ലാം വിവിധ പാര്‍ട്ടികളില്‍ സജീവം. ഈ തര്‍ക്കങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയും പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളാണ് സ്വരൂപിച്ചത്. അതിന്റെ പേരിലും പണപ്പിരിവും, ചേരിതിരിവും രൂക്ഷമാക്കാനുള്ള ശ്രമങ്ങളും വ്യാപകം.
അതിനിടയിലേക്കാണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി അവകാശവാദങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സാക്ഷാല്‍ രാമ ഭഗവാന് നേപ്പാളി ആണെന്നാണ് ഓലിയുടെ പക്ഷം. എന്നുമാത്രമല്ല രാമന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന, തല്ലുകൂടുന്ന അയോധ്യ നിങ്ങളാരും കരുതുന്നത് പോലെ ഇന്ത്യയിലെ ഉത്തര്‍പ്രദേശിലല്ല, മറിച്ച് നേപ്പാളില്‍ ആണെന്നും നേപ്പാള്‍ പ്രധാനമന്ത്രി വാദിക്കുന്നു.
രാമന് തങ്ങളുടേതാണെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞ് അങ്ങിനെ സ്ഥാപിച്ചെടുത്തതാണെന്നാണ് ഓലിയുടെ വാദം. അയോധ്യ നേപ്പാളിലെ ബിര്ഗുഞ്ചിലുള്ള തോരിയിലാണ് യഥാര്‍ത്ഥത്തില്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വാദം വിശ്വസിച്ചാണ് സീത ഇന്ത്യയിലെ രാമ രാജകുമാരനെ വിവാഹം ചെയ്തതായി വിശ്വസിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്, ഇന്ത്യയ്ക്കെതിരെ നിലയുറപ്പിച്ചിട്ടുള്ള ഓലി അവകാശപ്പെടുന്നു.
വ്യാജ അയോധ്യ സൃഷ്ടിച്ച് ഇന്ത്യ സാംസ്കാരിക അധിനിവേശം നടത്തിയെന്നാണ് ഓലിയുടെ മറ്റൊരു വാദം. രാമന് നേപ്പാളി ആണെന്നതിന് പുറമെ, വാല്മീകി ആശ്രമം നേപ്പാളില്‍ ആണെന്നും, ദശരഥ രാജാവ് പൂജകള്‍ ചെയ്ത ഋതിയും അവിടെയാണെന്നും ഓലി വാദിക്കുന്നു. ആശയവിനിമയം സാധ്യമല്ലാത്ത കാലത്ത് രാമ ഭഗവാന് ജനകപുരിയിലെത്തി സീതയെ വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.
ഉത്തരാഖണ്ഡില്‍ ലിപുലെഖ് പാസും, ധര്ചുളയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത് മുതല്‍ നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. നേപ്പാളിന്റെ ഭൂമിയിലാണ് റോഡെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വാദം. രാഷ്ട്രീയ ഭൂപടം തിരുത്തി ഇന്ത്യയുടെ ചില ഭാഗങ്ങള്‍ തങ്ങളുടേതാക്കി കാണിച്ചാണ് നേപ്പാള്‍ ഇതിന് മറുപടി നല്‍കിയത്. ചൈനയാണ് ഇന്ത്യയും, നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പാടുപെടുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ഓലിയാകട്ടെ ഇന്ത്യാവിരുദ്ധ നിലപാട് ഉയര്‍ത്തിയാണ് പിടിച്ചുനില്‍ക്കുന്നത്.
ഇതില്‍ ഒടുവിലത്തേതാണ് അയോധ്യയും, രാമനും തങ്ങളുടേതാണെന്ന വാദം ഉന്നയിച്ച് ഓലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.