ലോക്ക്ഡൗണില്‍ ലോകത്തിന്റെ വ്യായാമം ഈ ബോഡി കോച്ചിനൊപ്പം; ഫിറ്റ്‌നസ് വീട്ടില്‍ തുടങ്ങിയാലോ?

0
402

വ്യായാമം ചെയ്യാനൊക്കെ എവിടെ സമയം! ജോലിക്ക് പോയിരുന്ന സമയത്ത് നമ്മളെല്ലാം പറഞ്ഞ വാക്യം. ഈ ഡയലോഗിന് പക്ഷെ കൊറോണാവൈറസ് കാലത്ത് എന്ത് പ്രസക്തി? ജോലിക്കും പോകേണ്ട, തോന്നിയ പോലെ കിടന്നുറങ്ങുകയും ചെയ്യുന്നു. എന്നാല്‍ പിന്നെ ഈ ലോക്ക്ഡൗണ്‍ കാലം ഒരു ഫിറ്റ്‌നസ് കാലമാക്കി മാറ്റിയാലോ!

വീട്ടില്‍ ഇരുന്ന് വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്ന ലോകത്തിലെ ആളുകള്‍ മുഴുവന്‍ ഇപ്പോള്‍ ജോ വിക്‌സ് എന്ന ബ്രിട്ടീഷ് ബോഡി കോച്ചിന് പിന്നാലെയാണ്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ജോ വിക്‌സ് വ്യായാമം നയിക്കുന്നത്. യുകെയിലും കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തില്‍ തന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം സെല്‍ഫ് ഐസൊലേഷനിലാണ് ഇദ്ദേഹവും.

മൂന്നാഴ്ച നീളുന്ന ലോക്ഡൗണ്‍ കാലത്തേക്ക് പരിശീലന വീഡിയോകള്‍ ലൈവായി ചെയ്യാന്‍ ആരംഭിച്ചതോടെ ജോ വിക്‌സിന്റെ യുട്യൂബ് ചാനല്‍ ആഗോള തലത്തില്‍ തന്നെ ഹിറ്റാണ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇദ്ദേഹത്തിന്റെ വീഡിയോകള്‍ 23 മില്ല്യണ്‍ തവണയാണ് ആളുകള്‍ കണ്ടത്. ചാനലിന് പുതുതായി 1.2 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിച്ചു.

യുകെ സമയം രാവിലെ 9 മണിക്കാണ് ജോ തന്റെ ദിവസേനയുള്ള പ്രക്ഷേപണം ആരംഭിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വീഡിയോ ആസ്വദിക്കാന്‍ എത്തുന്നു. 9 വര്‍ഷം കൊണ്ടാണ് തനിക്ക് 8 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചതെന്ന് ജോ വിക്‌സ് വ്യക്തമാക്കി. എന്നാല്‍ 1.2 മില്ല്യണ്‍ പുതിയ പ്രേക്ഷകരെ ഒരാഴ്ച കൊണ്ട് ലഭിക്കുകയും ചെയ്തു.

PE with Joe- Fitness video under lockdown

എന്തായാലും ഇതുവഴി യുട്യൂബ് പരസ്യങ്ങളിലൂടെ ലഭിച്ച 1 ലക്ഷം ഡോളര്‍, ഏകദേശം 76 ലക്ഷം രൂപ ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയായ എന്‍എച്ച്എസിന് സംഭാവന ചെയ്യുമെന്നാണ് ജോ വിക്‌സ് പ്രസ്താവിച്ചിരിക്കുന്നത്.

വീട്ടിലിരുന്ന് ഫിറ്റ്‌നസ് ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോ വിക്‌സിന്റെ ചാനലില്‍ ദിവസേന എത്തുന്ന വീഡിയോ നോക്കി വ്യായാമം ചെയ്യാം. ഈ ലോക്ക്ഡൗണ്‍ വേണമെങ്കില്‍ ഫിറ്റ്‌നസ് യാത്രയുടെ തുടക്കമായി മാറ്റാം.