ഗുരു, 1997ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചല്‍ ചിത്രം. ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് ഇന്ത്യ ആദ്യമായി അയച്ച മലയാള ചിത്രം. മനുഷ്യന്റെ അവസ്ഥയാണ് ആ കഥ പങ്കുവെച്ചത്. കാഴ്ചയില്ലാത്ത മനുഷ്യര്‍ക്ക് കാഴ്ചയുള്ളവന് ഭ്രാന്തനായി തോന്നുന്ന അവസ്ഥ വിവരിച്ച ആ ഗുരുവിന് ശേഷം ഓസ്കാര്‍ വേദിയിലെത്തിയത് 2011-ല്‍ പുറത്തിറങ്ങിയ ആദാമിന്റെ മകന് അബുവാണ്. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രവും അക്കാഡമി അവാര്‍ഡുകള്‍ക്ക് അയയ്ക്കപ്പെട്ടെങ്കിലും അന്തിമ നോമിനേഷന് നേടിയില്ല.
വീണ്ടുമൊരു മലയാള സിനിമ ഈ കൊവിഡ് കാലത്ത് ഓസ്കാര്‍ വേദിയിലെത്തുകയാണ്. ഇക്കുറി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടാണ് ആ മഹത്തായ മത്സരത്തിലെത്തുന്നത്. മനുഷ്യനിലെ മൃഗം, ഒരു പക്ഷെ മൃഗങ്ങളേക്കാള്‍ മോശം വശം മനുഷ്യനുണ്ടെന്ന് തെളിയിച്ചത് കൊണ്ടാണ് ജെല്ലിക്കെട്ട് ഓസ്കാറിന് തെരഞ്ഞെടുത്തതെന്ന് ഫിലിം ഫെഡറേഷന് ജൂറി ചെയര്മാന് പറഞ്ഞത് വെറുതെയല്ല.

വെട്ടാന്‍ നിര്‍ത്തിയ പോത്ത് അഴിഞ്ഞ് പോകുന്നതും, ഇതിന് പിന്നാലെ ഒരു ഗ്രാമം പോകുന്നതും, സാംസ്കാരികമായി ഉയര്‍ച്ച നേടിയെന്ന് അവകാശപ്പെട്ടതില്‍ നിന്ന് മൃഗത്തേക്കാള്‍ മോശമായി മനുഷ്യന് മാറുന്നതുമാണ് ജെല്ലിക്കെട്ടില്‍ പ്രതിപാദിക്കുന്നത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയില്‍ നിന്നാണ് ജെല്ലിക്കെട്ടിന്റെ വരവ്. ആന്റണി വര്‍ഗ്ഗീസും, ചെമ്പന്‍ വിനോദ് ജോസും ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധാനവും, ക്യാമറയും ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ വശങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.
26 സിനിമകളെ മറികടന്നാണ് ജെല്ലിക്കെട്ട് ഇന്ത്യന്‍ കടമ്പ ചാടിക്കടന്നിരിക്കുന്നത്. ഗുരുവിനും, ആദാമിന്റെ മകന് അബുവിനും സാധിക്കാതെ പോയ ആ നേട്ടം ലിജോയുടെ ജെല്ലിക്കെട്ട് നേടിത്തരുമോയെന്ന് കാത്തിരുന്ന് കാണണം!