സ്വന്തം നാട്ടില്‍ കൊറോണാവൈറസ് വ്യാപനം തടയുന്നതില്‍ ചൈന വിജയിച്ചിരിക്കുന്നു. കമ്മ്യൂണിസമില്ലാത്ത അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വലിയ നേട്ടം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ പോലും ആഘോഷിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ രൂപപ്പെട്ട ഒരു വൈറസിനെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത ചൈനയെ നമുക്ക് പാടിപ്പുകഴ്ത്താന്‍ സാധിക്കുമോ? ഈ മഹാമാരിയിലേക്ക് വഴിതുറന്ന് ചെയ്തുകൂട്ടിയ പ്രവൃത്തികളില്‍ എല്ലാം ചൈന പല കാര്യങ്ങളും ഒളിപ്പിക്കുന്നുണ്ട്.
രാജ്യത്ത് വൈറസ് ബാധിച്ചവരുടെയും, അത് ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ പോലും ചൈന സത്യം മറയ്ക്കുന്നു. സത്യം പറയാന്‍ ശ്രമിക്കുന്നവരെ, അത് ഡോക്ടര്‍മാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ളവരെ നിശബ്ദരാക്കുന്നു. കൊറോണാവൈറസ് രൂപപ്പെട്ട വിവരം ആദ്യമായി പങ്കുവെച്ചതിന് നിശബ്ദയാക്കപ്പെടുകയും, ഇതേക്കുറിച്ച് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയും ചെയ്തതോടെ വുഹാനിലെ ഡോക്ടര്‍ എയ് ഫെന്‍ ‘അപ്രത്യക്ഷമായതാണ്’ ഒടുവിലത്തെ സംഭവം.
ഡോക്ടര്‍മാരുടെ മരണം, തിരോധാനം
പ്രാഥമിക ഘട്ടത്തില്‍ വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഡോക്ടര്‍മാരെ ഒതുക്കാനാണ് ചൈന മിടുക്ക് പ്രകടിപ്പിച്ചത്. ഇതിന് പകരം ആ ആശങ്കകളെ ഗുരുതരമായി കണ്ട് ഇടപെടാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ വൈറസ് ലോകത്തെ തകര്‍ക്കുന്ന മഹാമാരിയായി മാറുന്നത് തടയാന്‍ സാധിക്കുമായിരുന്നു. ഡിസംബറില്‍ ഇത്തരമൊരു പകര്‍ച്ചവ്യാധി വരുന്നതായി ഡോ. ലി വെന്‍ലിയാംഗ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ പോലീസാണ് ഇവരെ കൈകാര്യം ചെയ്തത്.

5 മില്ല്യണ്‍ ജനങ്ങളാണ് പരിശോധനകളില്ലാതെ വുഹാനില്‍ നിന്നും പുറത്തേക്ക് സഞ്ചരിച്ചത്. ഈ വിവരം വ്യക്തമാക്കിയ വുഹാന്‍ മേയറുടെ കസേര ഭരണകൂടം തെറിപ്പിച്ചു.
മനുഷ്യരില്‍ പടരില്ല
കൊറോണാവൈറസ് മനുഷ്യരില്‍ പടരുമെന്ന മുന്നറിയിപ്പും ചൈന അവഗണിച്ചു. വുഹാനില്‍ വൈറസ് പടരുന്നതിന് തെളിവ് ലഭിച്ചിട്ടും, രോഗികളില്‍ നിന്ന് ഡോക്ടര്‍മാരിലേക്ക് വരെ വൈറസ് എത്തിയിട്ടും ചൈന പിടിവാശി അവസാനിപ്പിച്ചില്ല. ജനുവരി ആകുന്നത് വരെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ബോധിപ്പിച്ച് ഭരണകൂടം വൈറസിനെ സഹായിക്കുകയാണ് ചെയ്തത്.
ഇതിന് പുറമെയാണ് വൈറസ് നെഗറ്റീവായവര്‍ പിന്നീട് പോസിറ്റീവാകുന്നുവെന്ന സത്യം ചൈന ഒളിപ്പിച്ചത്. ഈ ഘട്ടത്തില്‍ ഐസൊലേഷന്‍ വേണമെന്ന് അവര്‍ ലോകത്തോട് പറഞ്ഞില്ല. ഇതോടെ ജപ്പാനില്‍ ഡയമണ്ട് പ്രിന്‍സില്‍ കുടുങ്ങിയ നെഗറ്റീവ് രോഗികളെ പുറത്തിറക്കിയത് വൈറസ് വ്യാപനം സാധ്യമാക്കി. ഡോക്ടര്‍മാര്‍ മരിച്ചെന്ന വാര്‍ത്ത ഒരു മാസം വൈകിയാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചു?
ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത് 82,000 പേര്‍ക്ക് വൈറസ് ബാധിച്ചെന്നാണ്. കൂടാതെ അടുത്ത ദിവസങ്ങളില്‍ ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കാത്തവരിലൂടെ വൈറസ് ഇനിയും പടര്‍ന്നേക്കാമെന്ന് അവര്‍ സമ്മതിക്കുന്നു.
ഏകദേശം 3300 പേര് മാത്രമാണ് വൈറസ് ബാധിച്ച് മരിച്ചതെന്നും ചൈന അവകാശപ്പെടുന്നു. എന്നാല്‍ പ്രഭവകേന്ദ്രമായ വഹാനില്‍ ഇപ്പോഴും മരിച്ച വ്യക്തികളുടെ കുഴിച്ചുമൂടല്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തമാക്കുന്നത്. ഏകദേശം 42,000 കുഴിമാടങ്ങള്‍ സൃഷ്ടിച്ച സ്ഥിതിക്ക് മരണസംഖ്യയില്‍ ചൈനയുടെ വാദങ്ങള്‍ അവിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
ചൈനയുടെ ചതി

സ്വാതന്ത്ര്യം പേരിന് പോലും ഇല്ലാത്ത രാജ്യമാണ് ചൈന. അതുകൊണ്ട് ചൈന പുറത്തുവിടുന്ന വിവരങ്ങള്‍ അവിടുത്തെ ഭരണകൂടത്തിന് അനുകൂലമായ രീതിയില്‍ മാത്രമാണ്. അല്ലാത്ത വിവരങ്ങള്‍ ഏത് വ്യക്തി പങ്കുവെച്ചാലും പൊടുന്നനെ കാണാതായാല്‍ അത്ഭുതം വേണ്ട.
ഈ തന്ത്രം കൊറോണയില്‍ പയറ്റിയ ചൈന യഥാര്‍ത്ഥത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളെ, മനുഷ്യരാശിയെ തന്നെ ചതിക്കുകയാണ് ചെയ്തത്. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒളിച്ചുകളിച്ച ചൈനയ്ക്കെതിരെ ലോകരാജ്യങ്ങള്‍ തിരിയുന്ന ദിവസം വിദൂരവുമല്ല.