ചിരിക്കാത്തവരെ പൊട്ടിച്ചിരിപ്പിക്കുന്ന വാതകം; ആദിലിന്റെ ടെസ്റ്റിംഗ് അത്ര ചിരിക്കേണ്ട കാര്യമല്ല

Laughing gas experiment: How danger is it?

0
297

യുട്യൂബിലും, സോഷ്യല്‍ മീഡിയയിലും ചലഞ്ചുകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണ്. പരീക്ഷണങ്ങള്‍ അതിലും അപ്പുറം. ലൈക്, കമന്റ്, ഷെയര്‍ എന്നിവയിലൂടെ വൈറല്‍ ആകുക മാത്രമാണ് പ്രധാന ആവശ്യം. അതില്‍ അപ്പുറം എന്തെങ്കിലും പ്രസക്തിയുള്ള കാര്യങ്ങള്‍ നടക്കുന്ന ചാനലുകള്‍ ചുരുക്കവുമാണ്.

എം4ടെക്, മാസ്റ്റര്‍പീസ് തുടങ്ങിയ യുട്യൂബ് ചാനലുകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച ഒരു പരീക്ഷണം അല്‍പ്പം അപകടം പിടിച്ച പണിയായിപ്പോയി. ‘ഏത് ചിരിക്കാത്തവനെയും പൊട്ടിച്ചിരിപ്പിക്കുന്ന വാതകം’ എന്ന തലക്കെട്ടോടെ, അപകടകരമെന്ന് മുന്നറിയിപ്പുമായാണ് ആദിലും സംഘവും ലാഫിംഗ് ഗ്യാസ് ചലഞ്ച് നടത്തിയത്.

എന്താണ് ഈ ലാഫിംഗ് ഗ്യാസ്?

നൈട്രസ് ഓക്‌സൈഡാണ് ‘ലാഫിംഗ് ഗ്യാസ്’ എന്നപേരില്‍ വിനോദോപാധിയായി ഉപയോഗിക്കപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും ജനപ്രിയമായ മയക്കുമരുന്നുകളില്‍ ഏഴാമതാണ് ഇതിന്റെ സ്ഥാനം. വിദേശരാജ്യങ്ങളിലെ പാര്‍ട്ടികളിലും, മറ്റും സജീവമായി ഇത് ഉപയോഗിക്കപ്പെടുന്നു.

അനസ്‌തെറ്റിക്കായും, ഉറക്കമരുന്നായും, പെയിന്‍കില്ലറായും ഡെന്റിസ്റ്റുകളും, ഒബ്‌സ്റ്റെട്രീഷ്യന്‍മാരും, സ്‌പോര്‍ട്‌സ് ഡോക്ടര്‍മാരും നൈട്രസ് ഓക്‌സൈഡിനെ മെഡിക്കല്‍ ഉപയോഗത്തിനായി വിനിയോഗിക്കുന്നു. ശരീരവുമായി അകന്ന് നില്‍ക്കുന്ന ഒരു അവസ്ഥ പ്രദാനം ചെയ്യുന്നത് കൊണ്ട് തന്നെയാണ് ഇത് ‘മയക്ക്’ ഉപയോഗത്തിന് വിനിയോഗിക്കുന്നത്.

കിട്ടാന്‍ ഇത്ര എളുപ്പമോ?

ചെറിയ ബള്‍ബുകളില്‍ നിന്നും ബലൂണുകളിലേക്ക് മാറ്റിയാണ് ആളുകള്‍ പൊതുവെ ഇത് വലിച്ച് കയറ്റുന്നത്. ഭക്ഷ്യവിപണിയുമായി ബന്ധപ്പെട്ടാണ് ഇത് ലഭിക്കുന്നത്. വിപ്പ്ഡ് ക്രീം, ഹോം ബ്രൂവിംഗ് തുടങ്ങിയവയ്ക്കായി കാറ്ററിംഗ് കമ്പനികള്‍ ഇവ പതിവായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കിട്ടാനും ബുദ്ധിമുട്ടില്ല. പക്ഷെ ഗ്ലോബല്‍ ഡ്രഗ് സര്‍വ്വെയില്‍ ഡാര്‍ക്ക് നെറ്റ് വഴി ഇത് വാങ്ങുന്നവരുടെ എണ്ണമേറുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അപകടം എത്രത്തോളം?

അടച്ചുവെച്ച ബള്‍ബില്‍ നിന്നും നേരിട്ട് വലിച്ചാല്‍ ശ്വാസകോശത്തിന് കേടുപാട് സംഭവിക്കാന്‍ ഇടയുണ്ട്. ട്യൂബ് വഴി ശ്വസിച്ച ചിലര്‍ മരണപ്പെട്ട സംഭവങ്ങളുമുണ്ട്. ബലൂണ്‍ വഴി ശ്വസിക്കുമ്പോള്‍ ചെറിയ അംശം മാത്രമാണ് അകത്തെത്തുന്നത്. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ശരീരത്തില്‍ വൈറ്റമിന്റെ കുറവും, വിളര്‍ച്ചയും വന്നുചേരും. ചിലര്‍ക്ക് നടക്കാനും ബുദ്ധിമുട്ട് വരാറുണ്ട്.

മാസ്റ്റര്‍പീസ് ചെയ്തത്!

സംഗതിയുടെ കിടപ്പുവശം ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞ് വച്ചിട്ടാണ് മാസ്റ്റര്‍പീസ് യുട്യൂബ് ചാനല്‍ ഈ പ്രൊഡക്ട് വാങ്ങണമെന്നില്ലെന്ന് കുറിച്ച് കൊണ്ട് ഇതിന്റെ ആമസോണ്‍ ലിങ്ക് വീഡിയോയ്‌ക്കൊപ്പം നല്‍കിയത്. ഇത് അല്‍പ്പം കടുപ്പമായെന്ന് പറയാതെ വയ്യ!