വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നുവെന്നൊക്കെയാണ് പറയാറുള്ളത്. എന്നാല്‍ 21-കാരി ഗുലു യുര്ദോഗ്ലുവിന്റെ ജീവിതത്തില്‍ ആ ദിനം നരകപൂര്ണ്ണമായിരുന്നു. വിവാഹം കഴിക്കാന്‍ ഒരുങ്ങിയ വരന് ആ ദിനത്തില്‍ ഗുലിവിന്റെ ജീവനെടുക്കുകയായിരുന്നു. തുര്‍ക്കിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തന്റെ ഏതാനും സുഹൃത്തുക്കളുമായും, സ്വന്തം പിതാവുമായും വരെ വധുവിന് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.
22-കാരനായ മെതെഹാന് യുര്ഡോഗ്ലുവാണ് കേസിലെ പ്രതി. കാമുകി തന്നെ ചതിക്കുകയാണെന്ന് തോന്നിയിരുന്നതായും ഇതിന്റെ പേരില്‍ വഴക്കും പതിവായിരുന്നെന്നും മെതെഹാന് ബര്‍സയിലെ ഫസ്റ്റ് ക്രിമിനല്‍ കോടതിയില്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. കാമുകിയെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ പിതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ നീ വേണമെങ്കില്‍ പോകാനാണ് പറഞ്ഞത്’, വരന് പറയുന്നു.
ഒരു സുഹൃത്താണ് വധുവിന് തന്റെ പിതാവുമായി അവിഹിതബന്ധമുണ്ടെന്ന സൂചന നല്‍കിയത്. ഈ പ്രശ്നങ്ങള്‍ മൂലം തെരുവിലാണ് ഇയാള്‍ കഴിച്ചുകൂട്ടിയിരുന്നത്. ആത്മഹത്യ ചെയ്യാനാണ് ചിന്തിച്ചത്. പക്ഷെ ആദ്യത്തെ ശ്രമത്തില്‍ നിന്നും പിതാവ് രക്ഷപ്പെടുത്തി. രണ്ടാം തവണ ഒരു പോലീസ് ഉദ്യോഗസ്ഥനും. ഇതോടെയാണ് ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ ഗുലു മരിക്കണമെന്ന് തീരുമാനിച്ചതെന്നും മെതെഹാന് വ്യക്തമാക്കി.
വിവാഹം നടക്കേണ്ടിയിരുന്ന രാവിലെയാണ് മെതെഹാന് 16 തവണ കാമുകിയെ കുത്തിയത്. കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ അശ്ലീല ആംഗ്യം കാണിച്ചത് മൂലമുണ്ടായ രോഷത്താല്‍ കത്തിയെടുത്ത് കുത്തിയെന്നുമാണ് ഇയാളുടെ വാദം. സംഭവത്തില്‍ അന്തിമവിധി കോടതി പിന്നീട് തീരുമാനിക്കും.