കടുംകാപ്പി ടീമിനെ ഓര്‍മ്മയില്ലേ? ഓ, ഇത് എന്ത് ചോദ്യം മറക്കാന്‍ പറ്റുമോ? ‘പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളെ നിന്‍ കനവുണ്ടെന്‍ കണ്ണില്‍…’ എന്നു തുടങ്ങിയ ആ ഗാനത്തോടൊപ്പം സ്വന്തം നിറത്തെക്കുറിച്ചും, പണത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും സംസാരിച്ച ആ നായകനും കൂട്ടുകാരും വരെ മലയാളികളുടെ മനസ്സില്‍ ചേക്കേറി. സോഷ്യല്‍ മീഡിയയില്‍ വൈറലായ കടുംകാപ്പിക്ക് ശേഷം ആ ടീം ഒരുക്കുന്ന ‘കുന്നി’ മ്യൂസിക്കല്‍ ഷോര്‍ട്ട് സിനിമയാണ് ഒരു സിനിമയേക്കാള്‍ ഹൃദ്യമാക്കി യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

നിഖില്‍ ടി.ടി എഴുതി, സംവിധാനം ചെയ്ത കുന്നിയ്ക്ക് വന്‍ സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്. കടുംകാപ്പിക്ക് സംഗീതം പകര്‍ന്ന നിഖില്‍ ചന്ദ്രന്‍ തന്നെയാണ് കുന്നിയുടെ സംഗീതവും, ഗാനാലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുഹൈല്‍ ബക്കര്‍ എഡിറ്റിംഗ്, ലിബാസ് മുഹമ്മദ് ക്യാമറ, എല്‍ദോസ് നെച്ചൂര്‍ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. ഇന്‍സെയിന്‍ ആര്‍ട്ടിന്റെ ബാനറില്‍ റഹീം ഖാനും, അരുണ്‍ ലാലും ചേര്‍ന്നാണ് നിര്‍മ്മാണം.

Arun Narayanan in Kunni and Kadumkappi

കടുംകാപ്പി നായകന്‍ അരുണ്‍ നാരായണനാണ് കുന്നിയിലും പ്രധാന വേഷത്തിലെത്തുന്നത്. കൂട്ടുകാരനായി ഹരി കൃഷ്ണനും എത്തുന്നു. ആതിര നികത്തില്‍, ബേബി അയാന്‍, ബേബി അഥിതി, ഫ്രാന്‍സിസ്, വര്‍ഗ്ഗീസ്, യമുന, നിഖില്‍ മാത്യൂ, അശ്വതി ലിബാസ് തുടങ്ങിയവരും ഈ മ്യൂസിക്കല്‍ ഷോര്‍ട്ട് സിനിമയില്‍ എത്തുന്നു.

അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത് പോലെ ഒരു മ്യൂസിക്കല്‍ ഷോര്‍ട്ട് സിനിമയാകുന്നതില്‍ കുന്നി പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നു.