മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് സൂപ്പര്‍ഹീറോ ആകുന്നത്; ഓര്‍മ്മപ്പെടുത്തി അഭിനേതാവ് മിഥുന്‍ ദാസ്

Kunjeldho actor Mithu M Das drops a reminder

0
553

ഒരു ഘട്ടത്തില്‍ കൊറോണാവൈറസിന് എതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയ കേരളത്തില്‍ കൊവിഡ്-19 കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രത കുറവാണ് പല ഭാഗത്തും കൊവിഡ്-19 കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മറ്റുള്ളവരുടെ ജീവനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് യുവതാരം മിഥുന്‍ എം ദാസിന്റെ ഫേസ്ബുക്ക് സെല്‍ഫിയും, കുറിപ്പും ശ്രദ്ധേയമാകുന്നത്.

‘മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ വ്യക്തിയും സൂപ്പര്‍ഹീറോ ആയി മാറുന്നത്. സൂപ്പര്‍ ഹീറോ ആകാനുള്ള സമയം ആഗതമാക്കി കഴിഞ്ഞു. മാസ്‌കാണ് നമ്മുടെ ആയുധം. കൊവിഡിനെതിരെ പോരാടാം, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാം’, മിഥുന്‍ എം ദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സൂപ്പര്‍ ഹീറോ കഥാപാത്രത്തിന്റെ മാസ്‌കും അദ്ദേഹം അണിഞ്ഞ സെല്‍ഫിയും മിഥുന്‍ തന്റെ ഓര്‍മ്മപ്പെടുത്തലിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ സമ്പര്‍ക്കം മൂലം വൈറസ് പകരുകയും, രോഗബാധിതരാകുകയും ചെയ്യുന്നവരുടെ എണ്ണമേറുമ്പോഴാണ് ഈ ഓര്‍മ്മപ്പെടുത്തലിന് പ്രസക്തിയേറുന്നത്.

ടൊവീനോ തോമസിന്റെ കല്‍ക്കിയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മിഥുന്‍ എം ദാസിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലാണ് കുഞ്ഞെല്‍ദോ. റേഡിയോ ജോക്കിയായും, സീ കേരളം ചാനലില്‍ അവതാരകനായും എത്തിയ ശേഷമാണ് മിഥുന്‍ അഭിനയരംഗത്ത് എത്തുന്നത്.