ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നാണ് മലയാള സിനിമാ ലോകം ആദ്യം അറിഞ്ഞ വാര്‍ത്ത. ദുല്‍ഖര്‍ സല്മാന് നായകവേഷത്തിലെത്താനിരുന്ന ചിത്രത്തിലേക്ക് പിന്നീട് ആസിഫ് അലി എത്തി. വിനീത് ശ്രീനിവാസന് ക്രിയേറ്റീവ് ഡയറക്ടറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ കുറച്ചുകൂടി ഉഷാറായി.

കാര്യങ്ങള്‍ അങ്ങിനെ ഇരിക്കുമ്പോള്‍ അതാ പെട്ടെന്നൊരു ഫേസ്ബുക്ക് പോസ്റ്റ്. സംഗതി ഇട്ടിരിക്കുന്നത് സാക്ഷാല്‍ വിനീത് ശ്രീനിവാസന് തന്നെ. താന്‍ ആദ്യമായി സമ്പൂര്‍ണ്ണ നിര്‍മ്മാതാവായി മാറിക്കൊണ്ട് ഹെലെന് എന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. കുമ്പളങ്ങി നൈറ്റ്സ് നായിക അന്നാ ബെന്‍ നായികയാണെന്ന് കൂടി പ്രഖ്യാപിച്ച് കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനൊപ്പം ഉണ്ടായി.
കൊള്ളാം. പക്ഷെ സംഗതി ആകെ കണ്‍ഫ്യൂഷനായി. കാരണം ചിത്രത്തിന്റെ സംവിധായകന് മാത്തുക്കുട്ടി ആണെന്നത് തന്നെ. അപ്പോള്‍ കുഞ്ഞെല്‍ദോയ്ക്ക് എന്ത് പറ്റി? വിനീത് ശ്രീനിവാസന് പുതിയ ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. കണ്‍ഫ്യൂഷനും ചോദ്യങ്ങളും ഇങ്ങനെ ഉയര്‍ന്നതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി മാത്തുക്കുട്ടി തന്നെ രംഗത്തെത്തി, നമ്മുടെ ആര്‍ജെ മാത്തുക്കുട്ടി തന്നെ!

കുഞ്ഞെല്‍ദോയ്ക്ക് ഒന്നും പറ്റിയിട്ടില്ല, മാത്തുക്കുട്ടി തന്റെ ആദ്യ സംവിധാന സംരംഭവുമായി മുന്നോട്ട് പോകുകയാണ്. വിനീത്ശ്രീനിവാസന് നിര്‍മ്മിക്കുന്ന ഹെലെന് സംവിധാനം ചെയ്യുന്നത് വേറൊരു മാത്തുക്കുട്ടിയാണ്, മാത്തുക്കുട്ടി സേവ്യര്‍. എന്തായാലും വിനീതിന്റെ പുതിയ സംരംഭത്തിന് മാത്തുക്കുട്ടി എല്ലാ ഭാവുകങ്ങളും നേരുന്നുമുണ്ട്.
മാത്തുക്കുട്ടി എന്ന തനിനാടന്‍ പേരിന് മലയാള സിനിമാ രംഗത്ത് മറ്റൊരു ഉപഭോക്താവ് കൂടി വന്നതോടെ പ്രേക്ഷകരാണ് കണ്ഫ്യൂഷനിലായതെന്ന് മാത്രം.