കൂടത്തായി സീരിയലുമായി ഫ്‌ളവേഴ്‌സ് ചാനല്‍ ഗോളടിച്ചു; കോടതിയില്‍ ഇരിക്കുന്ന കേസില്‍ ഇങ്ങനെ ചെയ്യാമോ?

Koodathai serial murder is now tele serial, is it right?

0
438

14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേര്‍ സമാനമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നു. ഒടുവില്‍ അതിന് ഉത്തരവാദി കുടുംബത്തിലെ ഒരാള്‍ തന്നെയെന്ന് കണ്ടെത്തുന്നു. സയനൈഡ് നല്‍കി ആരും അറിയാതെ കൊലപാതകം നടത്തിയത് ഒരു സ്ത്രീയാണെന്ന് കൂടി തെളിയുന്നതോടെ കഥ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തുന്നു. ഇത്തരമൊരു കഥ സ്വന്തമാക്കി സിനിമയും, സീരിയലുമൊക്കെ ആക്കാന്‍ തിരക്കഥാകൃത്തുക്കളും, സംവിധായകരും തിക്കിത്തിരക്കും.

കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തില്‍ നടന്ന ആറ് പേരുടെ ദുരൂഹമായ മരണത്തില്‍ ബന്ധു കൂടിയായ ജോളി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിക്കുക മാത്രമല്ല മാധ്യമങ്ങള്‍ ദിവസേന വിളമ്പിയ കഥകളും അവര്‍ സാകൂതം വായിച്ചറിഞ്ഞു. ഓണ്‍ലൈനില്‍ ലോകത്ത് പൊടിപ്പും തൊങ്ങലും വെച്ച് വേറെ കഥകളും പ്രചരിച്ചു. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് ജോളി വിഷം കൊടുത്ത് കൊന്നത്.

കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജിക്ക് തോന്നിയ സംശയവും പരാതിയുമാണ് കൂടത്തായി എന്ന നാടിന്റെ പേര് ഇന്ത്യ തന്നെ ഭീതിയോടെ കാണുന്ന അവസ്ഥയിലേക്ക് വഴിതുറന്നത്. സൂപ്പ് കഴിച്ചാണ് വിരമിച്ച അധ്യാപികയായ 57കാരി അന്നാമ്മ തോമസ് കുഴഞ്ഞുവീണ് മരിച്ചത്. ആറ് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് 66കാരന്‍ ടോം തോമസ് മരിച്ചു. പിന്നീട് ഓരോരുത്തരായി മരണപ്പെടുകയും സ്വാഭാവിക മരണങ്ങളായി വിധിക്കുകയും ചെയ്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ജോളിയുടെ കഥ ആരാദ്യം സ്വന്തമാക്കുമെന്ന മത്സരം തന്നെ അരങ്ങേറിയതാണ്. ചാനലുകള്‍ മുതല്‍ സാക്ഷാല്‍ മോഹന്‍ലാലിനെ നായകനാക്കി കൂടത്തായി സിനിമ വരുമെന്ന് വരെ വാര്‍ത്തയെത്തി. കൈരളി ചാനലും കൂടത്തായി സീരിയല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യം ഗോളടിച്ചത് ഫ്‌ളവേഴ്‌സ് ചാനലാണ്. കൂടത്തായി ചലച്ചിത്ര പരമ്പര ജനുവരി 13ന് ആരംഭിക്കുമെന്നാണ് അവരുടെ പ്രൊമോ വ്യക്തമാക്കുന്നത്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇത്തരമൊരു സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് ശരിയാണോ എന്ന വാദം ഉയര്‍ത്തപ്പെടുകയാണ്. ജോളി പ്രതിയായതിനാല്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കോടതി കുറ്റവാളിയായി പ്രഖ്യാപിക്കാത്ത കേസില്‍ ഇവരെ മോശക്കാരിയായി ചിത്രീകരിക്കുന്നുവെന്ന പരാതി നല്‍കാന്‍ നിയമപരമായ വ്യവസ്ഥകളും ബാക്കിനില്‍ക്കുന്നു.

ജോളിക്ക് വേണ്ടി കോടതിയെ സമീപിക്കാന്‍ ആരും ഉണ്ടാവില്ലെന്നതിനാല്‍ ഫ്‌ളവേഴ്‌സ് ചാനലിന് തല്‍ക്കാലം ആശ്വസിക്കാം. എന്തായാലും ജനുവരി ’13’ എന്ന നല്ല ദിവസം നോക്കി ഫ്‌ളവേഴ്‌സ് ചാനല്‍ ഗോളടിച്ച് തുടങ്ങുന്നതും വെറുതെയല്ല, റേറ്റിംഗ് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ്.