നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ വെബ്‌സൈറ്റ് എങ്ങിനെ തെരഞ്ഞെടുക്കാം; വെബ്സൈറ്റ് ആരംഭിക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

0
486

ഒരു വെബ്‌സൈറ്റ് എന്നത് ഈ ഓണ്‍ലൈന്‍ യുഗത്തില്‍ ഏതൊരു ബിസിനസ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഓരോ ബിസിനസ്സിനും അനുയോജ്യമായ വിവിധ കാറ്റഗറിയില്‍ പെട്ട വെബ്‌സൈറ്റുകള്‍ ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും ബിസിനസ്സ് ചെയ്യാന്‍ വെബ്സൈറ്റുകള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ബിസിനസ്സുകളെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്ന ഒരു വെബ്‌സൈറ്റ് തുടങ്ങുന്നതിനു മുന്‍പ് ചില വസ്തുതകള്‍ അറിഞ്ഞിരിക്കണം.

ഡൊമെയിന്‍ തിരഞ്ഞെടുക്കല്‍

ഡൊമെയിന്‍ നെയിം എന്നതാണ് വെബ്സൈറ്റിന്റെ പ്രധാന ഘടകം. പക്ഷെ പല വെബ്‌സൈറ്റ് ഉടമകളും ഡൊമെയിന്‍ തിരഞ്ഞെടുക്കുന്നത് അത് അവരുടെ ബിസിനസ്സിന് അനുയോജ്യമാണോ എന്നുപോലും ചിന്തിക്കാതെയാണ്. പ്രധാനമായും ഉള്ള TLd -കള്‍ .com, .net .org എന്നിങ്ങവെയുള്ളവയാണ്. ഇത്തരത്തില്‍ അഞ്ഞൂറോളം ഡൊമെയിന്‍ എക്‌സ്‌റ്റെന്‍ഷനുകള്‍ നിലവിലുണ്ട്. ഓരോ Tldയും അതിന് അനുസൃതമായ ഉപയോഗങ്ങള്‍ക്കായി ഉള്ളതാണ്. ഉദാഹരണത്തിന് .com എന്നത് കൊമേര്‍ഷ്യല്‍ എന്നതാണ് അര്‍ത്ഥമാക്കുന്നത്. .net എന്നത് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നതും, .org എന്നത് ഓര്‍ഗനൈസഷന്‍ എന്നും സൂചിപ്പിക്കുന്നു.

എന്നാല്‍ വെബ്സൈറ്റ് ആരംഭിക്കുന്നവര്‍ ഇതിനെപ്പറ്റി അറിവില്ലാതെയാണ് വെബ്‌സൈറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മേല്‍പ്പറഞ്ഞ Tld കള്‍ ഇപ്പോള്‍ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. ഭൂരിപക്ഷം രാജ്യങ്ങളും അവരുടെ കണ്‍ട്രി ഡൊമൈന്‍ ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. ഇന്ത്യയില്‍ .in പോലെ .ae , .uk തുടങ്ങി വിവിധ രാജ്യങ്ങള്‍ക്കും അവരുടേതായ സ്വന്തം ഡൊമെയിന്‍ ഉണ്ട്. വെബ്‌സൈറ്റ് ഉടമകള്‍ തന്നെ അവരവരുടെ ഡൊമെയിന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയില്‍ വിലാസം ഉപയോഗിച്ച് അവരുടെ ഉടമസ്ഥതയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടത് സുപ്രധാനമാണ്. ഈ ഡൊമെയിനുകള്‍ വിശ്വസ്തമായ ഡെമെയിന്‍ പ്രൊവൈഡറില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാനും ശ്രദ്ധിക്കണം.

വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ

വെബ്‌സൈറ്റ് ഹോസ്റ്റിംഗിനായി നിരവധി മാര്‍ഗ്ഗങ്ങളുണ്ട്, അതിനായി വിവിധ ഇനം വെബ് സെര്‍വറുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രധാനമായും ലിനക്‌സ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലാണ് വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുന്നത്. ഏറ്റവും ജനപ്രിയത ആര്‍ജ്ജിച്ച, ചെലവ് കുറഞ്ഞ വെബ്‌ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമാണ് ലിനക്‌സ്. php അടിസ്ഥാനമായുള്ള വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യാന്‍ ലിനക്‌സ് സെര്‍വറുകളാണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് ഉപയോഗിച്ച് asp അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനാണ് കൂടുതല്‍ ഉപയോഗിക്കന്നത്. USA, Europe എന്നിവിടങ്ങളിലാണ് കൂടുതല്‍ സെര്‍വര്‍ ഡാറ്റ സെന്ററുകള്‍, ഈ രാജ്യങ്ങള്‍ക്ക് കൂടുതല്‍ റിസോഴ്‌സ് ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഹോസ്റ്റ് ചെയ്യുന്ന സെര്‍വറുകള്‍ക്ക് റിസോഴ്‌സ് താരതമ്യേന കുറവാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു ഇന്ത്യയില്‍ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റ് കൂടുതല്‍ വേഗത്തില്‍ ലോഡ് ആകുമെന്നത് ഏറ്റവും വലിയ മേന്മയാണ്.

വെബ്സൈറ്റ് ഡെവലപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മേല്‍പ്പറഞ്ഞ ഏത് പ്ലാറ്റ്‌ഫോമിലും വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യാം. മികച്ച സേവനപാരമ്പര്യമുള്ള കമ്പനികളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വെബ്‌സൈറ്റുകളും ഗുണനിലവാരം പുലര്‍ത്തുന്നതായിരിക്കും. ഫ്രീലാന്‍സ് ഡെവലപ്പേഴ്‌സിനെ സമീപിക്കുകയാണെങ്കില്‍ അവര്‍ മുന്‍പ് നിര്‍മ്മിച്ച വെബ്‌സൈറ്റുകള്‍ കണ്ടുവിലയിരുത്തിയ ശേഷം മാത്രം തീരുമാനം കൈക്കൊള്ളാം. വെബ്‌സൈറ്റ് ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെങ്കില്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ സാധ്യതകളും ഏറെയാണ്.

ഡൊമെയിന്‍, ഹോസ്റ്റിംഗ് ദാതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍

ഡൊമെയിന്‍, ഹോസ്റ്റിംഗ് ദാതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച കമ്പനികളെ നോക്കി തിരഞ്ഞെടുക്കുക. വളരെ വില കുറച്ചു നല്‍കുന്ന ഹോസ്റ്റിംഗ് പ്രൊഡര്‍മാരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വെബ് ഹോസ്റ്റിംഗ് കമ്പനികളുടെ നിബന്ധനകള്‍ പ്രകാരം ഉപയോക്താവിന്റെ ഡാറ്റ അവരുടെ സ്വന്തം ഉത്തരവാദിത്വമാണ്. ഡാറ്റ ഏറ്റവും വലിയ ആയുധമായി മാറുന്ന ഇക്കാലത്ത് ഇത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടേ ഒന്നുതന്നെയാണ്.