കെജിഎഫ് 2 ലീക്കായി; യഷിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കാനിരുന്ന ടീസര്‍ ഒരു ദിവസം മുന്‍പ് പുറത്തുവിട്ട് അണിയറക്കാര്‍; ചാപ്റ്റര്‍ 2 ഉറപ്പ് നല്‍കുന്നത് എന്ത്?

0
183

ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ കെജിഎഫ് ചാപ്റ്റര്‍ ഒന്നിന് ശേഷം രണ്ടാം ഭാഗത്തിന്റെ വരവിനായി കാത്തിരിക്കുന്നവര്‍ക്ക് സര്‍പ്രൈസ് നല്‍കാനിരുന്ന അണിയറക്കാരുടെ ശ്രമം പാളി. കെജിഎഫ് 2 ചാപ്റ്റര്‍ 2 ടീസര്‍ വെള്ളിയാഴ്ച, യാഷിന്റെ ജന്മദിനത്തില്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ടീസര്‍ ലീക്കായതോടെ ഇന്നലെ രാത്രിയോടെ ടീസര്‍ പുറത്തുവിടുകയായിരുന്നു.

റോക്കി മരിക്കുന്ന അമ്മയ്ക്ക് താന്‍ ദരിദ്രനായി മരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ കാണിച്ച് കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. ഒന്നാം ഭാഗത്തില്‍ റോക്കി ധനികനാകുന്നതിലേക്ക് ചുവടുവെച്ചത് എങ്ങിനെയെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കി കഴിഞ്ഞു. പണമാണ് പവര്‍ എന്ന് മനസ്സിലാക്കിയ റോക്കി കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വന്തമാക്കുന്നതും, അവിടെ അധികാരം നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളുമാണ് രണ്ടാം ഭാഗത്തില്‍ ഉണ്ടാവുകയെന്നുമാണ് ടീസര്‍ നല്‍കുന്ന സൂചന.

ഇതിനിടയിലേക്കാണ് കൊടുംവില്ലനായി സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എത്തുന്നത്. ഒപ്പം രമിക സെന്നായി രവീണയുടെ ലുക്കും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജിഎഫിനായി ആരാധകര്‍ എത്രത്തോളം കാത്തിരിക്കുന്നുവെന്ന് മനസ്സിലാക്കി തന്നെയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ ടീസര്‍ പോലും തയ്യാറാക്കിയിട്ടുള്ളത്.

പോലീസ് സ്‌റ്റേഷന്‍ ലൈറ്റ് വെയ്റ്റ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് തകര്‍ത്ത ശേഷം ചൂട് കൊണ്ട് ചുട്ടുപഴുത്ത ഗണ്ണിന്റെ അഗ്രഭാഗത്ത് നിന്ന് സിഗററ്റിന് തിരികൊളുത്തി റോക്കി വരവേല്‍ക്കുന്നത് ഒരു വെടിക്കെട്ടിലേക്കാണ്. ഒപ്പം പവര്‍ഫുള്‍ ആളുകളാണ്, സ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതെന്ന തിരുത്തലും കെജിഎഫ് 2 വരുത്തുന്നു.