യെസ്, മലയാളി വലിയ സംഭവമാണ്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്ന് സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ളവര്‍. എന്നുകരുതി അദൃശ്യനായ എതിരാളി വരുമ്പോള്‍ ചങ്ക് വിരിച്ച് മുന്നിട്ടിറങ്ങുന്നത് ബുദ്ധിമാന്മാരായ മലയാളികള്‍ക്ക് യോജിച്ച പരിപാടിയാണോ? അല്ലേയല്ല.
ആദ്യം കൈയടി, ഇപ്പോള്‍ കൂട്ടക്കുഴപ്പം
കൊറോണ വന്നാല്‍ നമുക്കെന്ത് എന്ന നിലപാട് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ അപകടത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ കൊവിഡ്-19നെ പിടിച്ചുകെട്ടിയതിന് ലോകമെമ്പാടുനിന്നും കൈയടി ഏറ്റുവാങ്ങിയ ശേഷമാണ് യഥാര്‍ത്ഥ വെല്ലുവിളി സംസ്ഥാനം നേരിടുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും, സാമ്പത്തിക ആസ്ഥാനമായ എറണാകുളത്തും രൂപപ്പെട്ട ക്ലസ്റ്ററുകള്‍ സമ്പര്‍ക്ക വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ജൂണ്‍ 1ന് 608 കേസുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ജൂലൈ 19 എത്തുമ്പോഴേക്കും 12,480 കേസുകളിലേക്ക് വളര്‍ന്നത്. ടെസ്റ്റിംഗ് സംവിധാനങ്ങള്‍ മികച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും ഇതില്‍ പാളിച്ചകള്‍ ഉണ്ടെന്ന് ഈ കണക്ക് തന്നെ വിളിച്ചുപറയുന്നു. എറണാകുളത്ത് ഉള്‍പ്പെടെ സ്വാബ് ടെസ്റ്റിന് സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഫലങ്ങള്‍ ലഭിക്കുന്നത് ഏറെ വൈകിയാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ലാബിലെയും, ഡാറ്റ എന്‍ട്രിയിലുമുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ ആയതോടെ ആയിരക്കണക്കിന് പരിശോധനാഫലങ്ങള്‍ പുറത്തുവരാതെ വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഞങ്ങള്‍ ഒറ്റയ്ക്ക് മതിയെന്ന സര്‍ക്കാര്‍ നിലപാട് തിരിച്ചടിച്ചോ?
സംസ്ഥാനത്ത് ആവശ്യത്തിന് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കൂടാതെ സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന് ഇപ്പോഴാണ് സര്‍ക്കാരിന് ബോധ്യം വന്നിരിക്കുന്നത്. മറഞ്ഞിരുന്ന കേസുകള്‍ കൃത്യസമയത്ത് കണ്ടെത്താന്‍ കഴിയാതെ പോയതാണ് നിലവിലെ കേസുകളുടെ കുതിപ്പിന് കാരണമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കേസുകള്‍ കുറവാണെന്ന പേരില്‍ ടെസ്റ്റിംഗും കുറച്ചതിന്റെ പ്രത്യാഘതമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്.

ചെറിയ ലക്ഷണങ്ങളും, പ്രകടമായ ലക്ഷണം ഇല്ലാത്തവരെയും ടെസ്റ്റ് ചെയ്യണമെന്ന ഐസിഎംആര്‍ നിര്‍ദ്ദേശവും കേരളം കണ്ടില്ലെന്ന് നടിച്ചു. ഗള്‍ഫില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെയും മാത്രം ശ്രദ്ധിച്ച ആരോഗ്യ വകുപ്പ് മറഞ്ഞുകിടക്കുന്ന ശത്രുവിനെ കണ്ടെത്താന്‍ മെനക്കെട്ടില്ല. ഒരു മാരത്തണ്‍ ഓടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്പ്രിന്റ് ഓടിത്തീര്‍ത്ത് ക്ഷീണിതരായ അവസ്ഥയാണെന്നാണ് നിപ്പാ മഹാമാരിയില്‍ കേരള സര്‍ക്കാരിനെ ഉപദേശിച്ച ഡോക്ടറുടെ പ്രതികരണം.
ജാഗ്രത പോരാ, പേടിച്ചേ മതിയാകൂ
സത്യമാണ്. ജാഗ്രത കൊണ്ട് മാത്രം ഇനി കാര്യമില്ല. പേടിച്ചേ മതിയാകൂ, ശത്രു നമ്മുടെ തൊട്ടരികില്‍ ആരുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കുന്നുണ്ട്. കേരളത്തിലെ കൊവിഡ്-19 ഹോട്ട്സ്പോട്ടുകള്‍ തിരഞ്ഞാല്‍ കാണുന്ന ഭൂപടം പറയും സ്ഥിതിഗതികള്‍ എത്രത്തോളം ഭീകരമാണെന്ന്.
തിരുവനന്തപുരത്ത് ഇപ്പോള്‍ തന്നെ ആശുപത്രി സംവിധാനങ്ങള്‍ രോഗികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടി തുടങ്ങി. ഓരോ ജില്ലകളും ഈ ഘട്ടത്തിലേക്ക് ഏത് നിമിഷവും എത്താം. നമ്മുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. അത് വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തണം.