നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്! അടുത്ത മാസം കേരളം പ്രതീക്ഷിക്കുന്നത് 2 ലക്ഷം കേസ്, 800 മരണം; എന്നിട്ടും ടെസ്റ്റിംഗില്‍ മെല്ലെപ്പോക്ക്

0
210

ഏതാനും മാസം മുന്‍പ് വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ ഡയലോഗ്: ‘കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍. ഇന്ത്യയില്‍ 5000 കേസുകളാണ്. കേരളത്തില്‍ ഇതുവരെ രോഗം പിടിപെട്ടവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്. ഒന്നും പേടിക്കേണ്ടതില്ല’.

ഒരു രോഗി മരിക്കുമ്പോള്‍ ആരോഗ്യമന്ത്രി കെകെ ശൈലജ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതും ആ സമയത്തെ പതിവായിരുന്നു. ‘അദ്ദേഹത്തിന് പ്രമേഹം വളരെ കൂടുതലായിരുന്നു. മറ്റ് ചില അസുഖങ്ങളും ഉണ്ടായിരുന്നു. രക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്‌തെങ്കിലും സാധിച്ചില്ല. ഇന്ന് പുലര്‍ച്ചെയാണ് രോഗി മരിച്ചത്’.

ഈ വിധ പ്രഖ്യാപനങ്ങളും, ഇന്ത്യയിലെ കേസുകളുമായുള്ള താരതമ്യവുമൊക്കെ അവസാനിച്ചിരിക്കുന്നു. കേരളത്തിലെ കേസുകള്‍ തന്നെ ദിവസേന എണ്ണുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പിണറായി വിജയന്‍ ഇന്ത്യയിലെ കണക്കെടുപ്പ് നിര്‍ത്തി. ദിവസേന മരിക്കുന്നവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നവരില്‍ കൂടുതല്‍ ആയതോടെ ആരോഗ്യ മന്ത്രിയും വിശദീകരണത്തിനൊന്നും മിനക്കെടുന്നില്ല. സത്യത്തില്‍ അത്രയൊക്കെ ഭീകരമായി കേരളത്തിലെ അവസ്ഥ മാറിയോ?

ദിവസേന നാലായിരത്തിന് മുകളിലേക്ക്, വരും ആഴ്ചകള്‍ അതിഭീകരം!

ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ നാലായിരത്തിന് മുകളിലേക്ക് നീങ്ങിയതോടെ കേരളത്തിന്റെ സ്ഥിതി വഷളാവുകയാണെന്ന് ആരോഗ്യമന്ത്രിക്ക് തന്നെ സ്ഥിരീകരിക്കേണ്ടി വന്നു. പ്രവാസികളെ മാത്രം ശ്രദ്ധിച്ച പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തില്‍ ആശ്വസിച്ചിരുന്നതാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നമായി മാറിയത്. ഈ ഘട്ടത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് പ്രധാനമായി വൈറസ് വാഹകരായതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളില്‍ നിന്നാണ് പിന്നീട് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോള്‍ പ്രതിദിനം നാലായിരത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ആഴ്ചകളില്‍ സ്ഥിതി ഇതിലും മോശമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മധ്യത്തോടെ, അതായത് അടുത്ത മാസം ഇതേ സമയത്ത് 2 ലക്ഷം കേസുകളും, മരണസംഖ്യ 800-ും പിന്നിടുമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും, ഐഎംഎ, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി പ്രോക്‌സിമ എന്നിവര്‍ പങ്കാളികളായ പ്രൊജക്ട് ജീവന്‍രക്ഷ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

അടുത്ത 23-25 ദിവസങ്ങളില്‍ കേരളത്തിലെ കേസുകള്‍ പരമോന്നതിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നത്. ഈ സമയത്ത് ദിവസേന 5000 മുതല്‍ 8000 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും. ഇതിന് ശേഷം കേസുകളുടെ എണ്ണം കുറയുന്ന ട്രെന്‍ഡ് തുടങ്ങും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. സന്തോഷ് കുമാര്‍ എസ്എസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 12 ആകുമ്പോള്‍ 90,000 പുതിയ കേസും, 400 മരണങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. കേസുകള്‍ കുതിക്കുന്നതോടെ അത്യാഹിത സേവനങ്ങള്‍ ആവശ്യത്തിന് നല്‍കാന്‍ കഴിയാതെ മരണം സംഭവിക്കുമെന്നതാണ് കാത്തിരിക്കുന്ന ദുരന്തം.

ജനങ്ങള്‍ക്ക് ഉപദേശം മാത്രം, ടെസ്റ്റിംഗ് കൂട്ടാതെ സര്‍ക്കാര്‍

കേരളത്തിലെ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ ദിവസേന 50,000 ടെസ്റ്റുകള്‍ നടത്തുമെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ് ഇപ്പോഴും തുടരുന്നത്. ഇത്രയൊന്നും ടെസ്റ്റുകള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല ദിവസവും നടത്തുന്ന ടെസ്റ്റുകള്‍ക്ക് സ്ഥിരതയുമില്ല. പോസിറ്റീവ് കേസുകളിലെ ഏറ്റക്കുറച്ചിലിന് പിന്നില്‍ ഈ വീഴ്ചയാണ് കാരണമാകുന്നത്.

ടെസ്റ്റിംഗ് ഉയര്‍ത്താത്തത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് എപ്പിഡെമോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ക്കെലാമാണ് രോഗമുള്ളതെന്ന് പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിയാതെ വരുന്നതോടെ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ത്തുന്ന അവസ്ഥയാണ് നാട്ടിലുള്ളത്. രാഷ്ട്രീയ വിവാദങ്ങളില്‍ സമയം ചെലവഴിക്കാതെ കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുകയാണ് ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം.