ഒന്നടിച്ചാല്‍ രണ്ടടിക്കും കേരളം; ഇത് ഒരു ഓഗ്ബച്ചെ വിജയം; കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ വീഴ്ത്തി; 2-1

0
255

2019 ഐഎസ്എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മഞ്ഞപ്പടയ്ക്ക് അത്യുഗ്രന്‍ ജയം. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ തൊടുത്തുവിട്ട രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ത്തക്കയെ തോല്‍പ്പിച്ച് മഞ്ഞപ്പട വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ആദ്യ ഗോള്‍ വീഴ്ത്തിയപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ ഒരു നിമിഷം നിശബ്ദരായി. എന്നാല്‍ ഓഗ്‌ബെച്ചെയുടെ കുട്ടികളുടെ കളി കൊല്‍ക്കത്ത കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ക്യാപ്റ്റന്റെ കളി നയിക്കലും, വിജയിപ്പിക്കലുമാണെന്ന് ഓര്‍മ്മിപ്പിച്ച് ഓഗ്‌ബെച്ചെ രണ്ട് ഗോളുകളും ടീമിന് സമ്മാനിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍. ബ്രിട്ടീഷ് താരം ജെറാള്‍ഡ് എംഗൂച്ചിന്റെ തകര്‍പ്പന്‍ ഗോള്‍. മഴ പെയ്തു നനഞ്ഞ കളഞ്ഞ കളിക്കളത്തില്‍ കുതിര്‍ന്ന് നില്‍ക്കാന്‍ മഞ്ഞപ്പട തയ്യാറായില്ല.

ഇതോടെ മത്സരം അടിച്ചും തിരിച്ചടിച്ചും അലമാലകള്‍ തീര്‍ത്തു. വീണുകിട്ടിയ പെനാല്‍റ്റി ഗോളാക്കി ഓഗ്‌ബെച്ചെ സമനില പിടിച്ചു. 45-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ആ വിജയഗോള്‍ പിറന്നു. വീണ്ടും ക്യാപ്റ്റന്‍. വിജയത്തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും വിജയം ആഘോഷിച്ച് തുടങ്ങിക്കഴിഞ്ഞു.