മദ്യം കിട്ടാതെ മലയാളികള്‍ മരിക്കും; സര്‍ക്കാരിന്റെയും, മാധ്യമങ്ങളുടെയും പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ മലയാളി

  0
  275

  5 ലക്ഷം പേര്‍ ദിവസേന മദ്യപിക്കുന്ന നാടാണ് (ആയിരുന്നു) കേരളം. സംസ്ഥാനത്തെ മദ്യ ഉപയോക്താക്കളുടെ കണക്ക് പ്രകാരം 3.34 കോടി ജനതയില്‍ 32.9 ലക്ഷം പേര്‍ മദ്യം ഉപയോഗിക്കുന്നു. ഇതില്‍ 29.8 ലക്ഷം പുരുഷന്‍മാരും, 3.1 ലക്ഷം സ്ത്രീകളും ഉള്‍പ്പെടും. മറ്റൊരു കണക്ക് പ്രകാരം 1043 സ്ത്രീകള്‍ ഉള്‍പ്പെടെ 83,851 പേര്‍ മദ്യത്തിന് അടിമകളാണ്.

  ദൈവത്തിന്റെ സ്വന്തം നാടെന്ന് പരസ്യവാചകം നല്‍കുന്ന കൊച്ചുകേരളമാണ് മദ്യപാനത്തില്‍ ഇന്ത്യയിലെ നം.1 നാടെന്നും ഓര്‍ക്കുന്നത് നല്ലതാണ്. മദ്യപാന കണക്കുകള്‍ ഈ വിധം നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മദ്യം ലഭിക്കാത്ത അവസ്ഥ വന്നാല്‍ എന്ത് സംഭവിക്കും? സംശയിക്കാന്‍ എന്തിരിക്കുന്നു മദ്യപാനികള്‍ മദ്യം കിട്ടാതെ കൂട്ട ആത്മഹത്യ ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ എങ്ങിനെയും മദ്യം ലഭ്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു.

  മദ്യമില്ലെങ്കില്‍ ആത്മഹത്യ; പ്രവചനങ്ങള്‍ തെറ്റിയപ്പോള്‍

  മാര്‍ച്ച് 24ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ മദ്യക്കച്ചവടത്തിനും ഷട്ടര്‍ വീണത്. ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വാങ്ങാമെന്ന ഇളവ് അനുവദിക്കാന്‍ നോക്കിയെങ്കിലും സര്‍ക്കാരിന്റെ ആ ആത്മാര്‍ത്ഥതയ്ക്ക് കേരള ഹൈക്കോടതി അനുമതി നിഷേധിച്ചു. ഇതോടെ അല്‍പ്പം നാണക്കേട് ഏറ്റുവാങ്ങുകയും ചെയ്‌തെന്നത് വാസ്തവമാണ്.

  ഇതിന് മുന്നോടിയായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ചാനലുകളില്‍ മദ്യം കിട്ടാത്ത മലയാളിയുടെ മാനസിക പ്രശ്‌നങ്ങളും, ആത്മഹത്യയും ചര്‍ച്ചാവിഷയമായി. ഒന്നുരണ്ട് പേര്‍ മദ്യം കിട്ടാതെ മരിച്ചെന്നും വാര്‍ത്തകളില്‍ നിറഞ്ഞു. ചാനലുകളില്‍ ചര്‍ച്ചകളുടെ കോലാഹലം. ഇതിന് ശേഷമാണ് പതിയെ വില്‍പ്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. വാര്‍ത്തകള്‍ വെറുതെ ഉണ്ടാകുന്നതല്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതൊരു പാഠമാണ്.

  ഇളവ് അനുവദിച്ചിട്ടും നാണക്കേട് മാറ്റാന്‍

  മെയ് 4 മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതില്‍ മദ്യവില്‍പ്പന പുനരാരംഭിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യവില്‍പ്പന പുനരാരംഭിച്ചതിന്റെ കാഴ്ചകള്‍ നമുക്ക് മുന്നിലുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന ക്യൂവും, പൂജയും വരെ നടത്തുന്നു, ചിലയടങ്ങളില്‍ ലാത്തിച്ചാര്‍ജ്ജിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഈ ഘട്ടത്തിലും കേരളം നിശബ്ദമാണ്. മദ്യവില്‍പ്പന പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

  ബിവറേജസ് കോര്‍പ്പറേഷനുകളുടെ ശുദ്ധികലശം ഒരുവശത്ത് ആരംഭിച്ചിട്ടുണ്ട്. ഒപ്പം സാമൂഹിക അകലം പാലിക്കാനും, ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ബെവ്‌കോ എംഡി ജീവനക്കാര്‍ക്ക് കത്തയച്ചു കഴിഞ്ഞു. 270-ഓളം തെര്‍മല്‍ സ്‌കാനറുകള്‍ കസ്റ്റമേഴ്‌സിനെ പരിശോധിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്നുണ്ട്. എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി കൃത്യമാക്കിയ ശേഷം വില്‍പ്പന തുടങ്ങുകയാകാം സര്‍ക്കാരിന്റെ ലക്ഷ്യം.

  മദ്യക്കച്ചവടം ഇല്ല; നഷ്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ

  ഒരു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് മദ്യകച്ചവടം ഇല്ലാത്തത് മൂലം 2,40,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന കേരളത്തില്‍ മാര്‍ച്ച് 25 മുതല്‍ സര്‍ക്കാരിനും, ബെവ്‌കോയ്ക്കും വരുമാന നഷ്ടം 1600 കോടി രൂപയാണ്. 265 ഔട്ട്‌ലെറ്റുകളുള്ള ബെവ്‌കോയില്‍ പ്രതിദിനം 40 കോടി വില്‍പ്പന നടക്കും. ഇതില്‍ 15% ഒഴികെ ബാക്കിയുള്ള തുക സര്‍ക്കാരിലേക്ക് സെയില്‍സ് ടാക്‌സും, കസ്റ്റംസ് ഡ്യൂട്ടിയുമായി വന്നുചേരുന്നതാണ്. ബെവ്‌കോയ്ക്ക് പുറമെ 39 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

  2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, ബിയറും വിറ്റ് സംസ്ഥാനം നേടിയത് 14,000 കോടിയിലേറെ രൂപയാണ്. അടുത്തിടെ ആറ് പുതിയ ബാറുകള്‍ക്ക് കൂടി സംസ്ഥാനത്ത് പ്രവര്‍ത്തന അനുമതി ലഭിച്ചതോടെ കേരളത്തില്‍ 600 ബാറുകളാണ് മദ്യം വില്‍ക്കുന്നത്. കൊവിഡ് മൂലം അടച്ചിട്ട ബാറുകളില്‍ മദ്യക്കുപ്പി വില്‍ക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊവിഡ്-19 മൂലം പ്രവാസികളുടെ പണമയയ്ക്കല്‍ ചുരുങ്ങുന്നതോടെ കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം മദ്യമായി മാറുമെന്ന ആശങ്ക ചെറുതല്ല!