മലയാളത്തില്‍ അഭിനയം തുടങ്ങിയതാണെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍നായികയായി കീര്‍ത്തി സുരേഷ് വളര്‍ന്നത്. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ തെലുങ്ക് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.
താരത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ് കീര്‍ത്തി കൈകാര്യം ചെയ്യുന്നത്. ഗ്ലാമറസ്സല്ലാത്ത നാടന്‍ ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ കീര്‍ത്തിയുള്ളത്.

ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ വര്‍ത്ത് എ ഷോട്ട് മോഷന്‍ ആര്‍ട്സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് കീര്‍ത്തി സുരേഷിന്റെ സ്പെഷ്യല്‍ ലുക്ക് പങ്കുവെച്ചത്. ‘അവതരിപ്പിക്കുന്നു ഞങ്ങളുടെ ഗോള്‍ഡന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ രൂപം. ഇവരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ആവേശമുണ്ട്. മേക്കപ്പില്ല, മുടി ചീകിയൊതുക്കിയിട്ടില്ല, കീര്‍ത്തി മാത്രം. സൂപ്പര്‍താരത്തിന് ഹാപ്പി ബര്‍ത്ത്ഡേ’, അവര്‍ കുറിച്ചു.
ദീപാവലിക്ക് കീര്‍ത്തി ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കില്‍ നാഗേഷ് കുക്കുനൂറിന്റെ പ്രഥമ സംവിധാന സംരംഭം കൂടിയാണ് ആ ചിത്രം.