അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി സീസണ് 11-ല്‍ 640,000 രൂപ നേടാന്‍ ഒരുങ്ങവെയാണ് ആ ചോദ്യം എത്തിയത്. ’17-ാം ലോക്സഭയിലെ താഴെപ്പറയുന്ന അംഗങ്ങളില്‍ ആരാണ് ജാപ്പനീസ് ആയോധന കലയായ അയ്കിഡോയില് ബ്ലാക്ബെല്‍റ്റ്?’, കെബിസി ചോദിച്ചു.
ഓപ്ഷനുകളില്‍ ഗൗതം ഗംഭീര്‍, രാഹുല്‍ ഗാന്ധി, അനുരാഗ് താക്കൂര്‍, തേജസ്വി സൂര്യ എന്നിവരെയാണ് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നെത്തിയ മത്സരാര്‍ത്ഥി നരേന്ദ്ര കുമാര്‍ തെരഞ്ഞെടുത്തത് തേജസ്വി സൂര്യയെയാണ്, പക്ഷെ യഥാര്‍ത്ഥ ഉത്തരം രാഹുല്‍ ഗാന്ധി എന്നായിരുന്നു.

മത്സരാര്‍ത്ഥിയുടെ പണം നഷ്ടമായ ഉത്തരത്തിന് എംപി തേജസ്വി നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ‘ബ്രോ നിങ്ങളുടെ നഷ്ടത്തില്‍ ഖേദമുണ്ട്. ഞാനൊരു അയ്കിഡോ ബ്ലാക്ബെല്‍റ്റ് ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുകയാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇന്നൊരു ധനികന് ആയി മാറുമായിരുന്നു’, തേജസ്വി പറഞ്ഞു.
കുറച്ച് നാള് മുന്‍പാണ് താനൊരു ബ്ലാക്ബെല്‍റ്റ് ആണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. സ്പോര്‍ട്സ് രംഗത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മറ്റ് മേഖലകളിലും ഇറങ്ങിയിട്ടുണ്ട്. 1988-89’ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ റൈഫിളില്‍ ജേതാവായിരുന്നു ഇദ്ദേഹം.