തേന്മാവിന് കൊമ്പത്തിന്റെ ക്യാമറ പിടിച്ച് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടിയാണ് കെവി ആനന്ദ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. കനാ കണ്ടേന് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആനന്ദ് പിന്നീട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായി. സൂര്യയെ നായകനാക്കി അയാന്, ജീവയുടെ കോ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസ് കീഴടക്കി.
ഇപ്പോള്‍ സൂപ്പര്‍താരം മോഹന്‍ലാല്‍, സൂര്യ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി കാപ്പാന് എന്ന ചിത്രം ഒരുക്കുകയാണ് കെ.വി ആനന്ദ്. അതുകൊണ്ട് തന്നെ മറ്റൊരു ഹിറ്റ് ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. കാപ്പാനിലെ കഥാപാത്രങ്ങളെക്കുറിച്ച് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാലും, സൂര്യയും വിവരങ്ങള്‍ നല്‍കിയിരുന്നു.
സൂര്യയാകട്ടെ കഥയുടെ ഗതിയെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തി. ‘മോഹന്‍ലാല്‍ സര് പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ഞാന്‍ ഒരു ഫസ്റ്റ് റാങ്ക് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഓഫീസറുടെ വേഷത്തിലുമെത്തുന്നു’, സൂര്യ പറയുന്നു.
കേരളത്തില്‍ സൂര്യക്ക് വലിയ ആരാധകവൃന്ദമുണ്ടെന്ന് മോഹന്‍ലാല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചു. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ അവധിക്കാലത്താകും ചിത്രത്തിന്റെ റിലീസെന്നാണ് സൂചന. ലൈകാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന കാപ്പാന്റെ സംഗീതം ഹാരിസ് ജയരാജ് നിര്‍വ്വഹിക്കുന്നു.