ഇന്ത്യക്ക് രണ്ടാം ലോകകപ്പ് കിട്ടിയപ്പോള്‍ ലൈവില്‍ കരഞ്ഞ കപില്‍ദേവ്; ഈ മനുഷ്യന്റെ കഥയാണ് 83

Kapil Dev, the devil's captain and an adamant cricket lover

0
480

1983, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യക്കായി ആദ്യ ലോകകിരീടം ചൂടിയ വര്‍ഷം. ഫാസ്റ്റ് ബൗളറും, മധ്യനിര ബാറ്റ്‌സ്മാനുമായി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിനെ പിന്തുടര്‍ന്ന്, 83ലെ ഇന്ത്യയുടെ കിരീടവിജയത്തിന്റെ കഥയുമായി ഒരു സിനിമ തയ്യാറാവുകയാണ്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83’യില്‍ രണ്‍വീര്‍ സിംഗാണ് സാക്ഷാല്‍ കപില്‍ ദേവായി വേഷമിടുന്നത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ന്ന, ലോകകപ്പ് നേടിയ കപില്‍ ദേവിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച കളിക്കാരനാണ് കപില്‍ ദേവ്. 61-ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും ക്രിക്കറ്റിനെ സജീവമായി പിന്തുടരുന്ന അദ്ദേഹം ഇന്ത്യ രണ്ടാം ലോകകിരീടം ചൂടിയപ്പോള്‍ സന്തോഷം കൊണ്ട് ഒരു ചാനലിന്റെ ലൈവ് ചര്‍ച്ചയ്ക്കിടെ കരഞ്ഞുപോയി. എതിര്‍ടീം എത്ര ശക്തരാണെങ്കിലും ഭയരഹിതമായി തന്റെ സ്വാഭാവിക പ്രകടം പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്ന കപില്‍ 1978 ഒക്ടോബര്‍ 16നാണ് ആദ്യത്തെ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്.

ഔട്ട്‌സ്വിംഗറും, പേസും, ബൗണ്‍സും ചേര്‍ന്ന പന്തുകള്‍ കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംചുറ്റിക്കാനും, ബാറ്റ് കൊണ്ട് മധ്യനിരയിലെ അവസാനക്കാരനായി ബൗളര്‍മാരെ അടിച്ചുപറത്താനും സാധിച്ചത് കൊണ്ടാണ് കപില്‍ ഇന്നും മികച്ച ഓള്‍റൗണ്ടര്‍ കിരീടം അണിയുന്നത്. വലിയ താരപ്പകിട്ടൊന്നും ഇല്ലാതെ 83 ലോകകപ്പിന് എത്തിയപ്പോഴാണ് കപിലിന്റെ പോരാട്ടം ഇന്ത്യയെ പലപ്പോഴും രക്ഷിച്ചത്.

രണ്ട് വിജയങ്ങളില്ലാതെ ലോകകപ്പ് സെമി കാണില്ലെന്ന ഘട്ടത്തില്‍ 138 പന്തില്‍ 175 റണ്‍ നേടിയാണ് സിംബാബ്‌വേയ്‌ക്കെതിരെ കപില്‍ രക്ഷകനായത്. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ടീമിന് ഫൈനലില്‍ നേരിടേണ്ടിയിരുന്നത് വെസ്റ്റിന്‍ഡീസിനെയാണ്. ലോകകപ്പ് ഹാട്രിക്ക് ലക്ഷ്യമിട്ടെത്തിയ വിന്‍ഡീസിന് എതിരെ ഇന്ത്യക്ക് 183 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിയ്ക്കാന്‍ കഴിഞ്ഞത്. ആദ്യം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിവിയന്‍ റിച്ചാര്‍ഡ് കാര്യങ്ങള്‍ തിരിച്ചുപിടിച്ച് തുടങ്ങിയപ്പോഴാണ് മദന്‍ ലാലിന്റെ പന്തില്‍ പൂള്‍ഷോട്ട് കളിച്ച റിച്ചാര്‍ഡ്‌സിനെ 20 യാര്‍ഡ് പിന്നോട്ട് ഓടി കപില്‍ ക്യാച്ചെടുക്കുന്നത്.

ആ ക്യാച്ച് കളിയുടെ ഗതിതിരിച്ചു. 76/6 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസ് 140ന് എല്ലാവരും പുറത്തായതോടെ ഇന്ത്യക്ക് ആദ്യ ലോകകപ്പ് ലഭിച്ചു. 303 റണ്‍സ്, 12 വിക്കറ്റുകള്‍, 7 ക്യാച്ചുകള്‍, 60.6 ശരാശരിയുമായി കപില്‍ മുന്നില്‍ നിന്ന് നയിച്ചു. ദേശീയ കോച്ചായി സേവനം നല്‍കുമ്പോല്‍ മാച്ച് ഫിക്‌സിംഗ് ആരോപണം നേരിട്ട് ആ പദവി രാജിവെച്ച കപിലിന് നേര്‍ക്കുള്ള ആരോപണങ്ങള്‍ അന്യായമാണെന്ന് തെളിഞ്ഞു. അതിന് ശേഷം ഉയര്‍ച്ചയും താഴ്ചയുമായി മുന്നോട്ട് പോയ കപില്‍ ദേവ് ബിസിസിഐയുമായി വരെ പോരടിച്ചു. ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അതിനെല്ലാം മുന്നിട്ടിറങ്ങിയത്.

ഒടുവില്‍ 2011 ഐസിസി ലോകകപ്പ് ഇന്ത്യ രണ്ടാമതും നേടിയപ്പോഴാണ് കപില്‍ ദേവ് ചര്‍ച്ചയ്ക്കിടെ കരഞ്ഞുപോയത്. അങ്ങിനെയൊരു മനുഷ്യന്റെ കഥ സ്‌ക്രീനില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ലല്ലോ!