JusticeForSushantSinghRajput- ട്രെന്‍ഡിംഗ്; കരണ്‍ ജോഹര്‍, യഷ് രാജ് ഫിലിംസ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ഭീമഹര്‍ജിയില്‍ 10 ലക്ഷം ഒപ്പുകള്‍

Boycott Salman Khan, YRF, Karan Johar- Trending!

0
1893

ബോളിവുഡ് മെഗാ താരങ്ങളുടെയും, സംവിധായകരുടെയും, നിര്‍മ്മാതാക്കളുടെയും നെഞ്ച് തകര്‍ത്ത് ഓണ്‍ലൈനില്‍ ആരാധകരുടെ തേരോട്ടം. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാണ് ജനങ്ങളെ കൊണ്ട് ഈ വഴിപോകാന്‍ പ്രേരിപ്പിച്ചത്. ബോളിവുഡില്‍ സുശാന്തിനെ ഒതുക്കാനും, താരകുടുംബങ്ങളിലെ മക്കളും, അവരുടെ സില്‍ബന്തികള്‍ക്കും മാത്രം പ്രൊമോഷനും, കൈയടിയും, തീയേറ്ററും, സിനിമകളും നല്‍കുന്നുവെന്ന ആരോപണങ്ങളാണ് ഈ സമയത്ത് ശക്തമാകുന്നത്.

അടിയേറ്റ് കരണ്‍; കൈയടി കങ്കണയ്ക്ക്

സ്വന്തക്കാരെയും, കൂട്ടുകാരെയും മാത്രം സംരക്ഷിക്കുന്നതിന്റെ പേരില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചതോടെ പല പ്രമുഖരുടെയും ഫോളോവേഴ്‌സ് ചോരുകയും, ചിലരുടേത് കുതിക്കുകയും ചെയ്തു. കരണ്‍ ജോഹറിന്റെ പ്രൊഫൈലിനാണ് വന്‍ചോര്‍ച്ച നേരിട്ടത്. 11 മില്ല്യണിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നതാണ് 20 മിനിറ്റ് കൊണ്ട് 10.9 മില്ല്യണിലേക്ക് കൂപ്പുകുത്തിയത്. ഇപ്പോള്‍ ഇത് 10.8 മില്ല്യണായി കുറഞ്ഞിട്ടുണ്ട്.

മുന്‍പ് തന്നെ ബോളിവുഡിലെ പക്ഷപാതത്തെയും, സൂപ്പര്‍താര മക്കളുടെ മേധാവിത്വത്തിന് എതിരെയും നിലപാട് സ്വീകരിച്ചിട്ടുള്ള കങ്കണാ റണൗത്തിന് പിന്തുണയേറിയിട്ടുണ്ട്. ഏകദേശം 2 മില്ല്യണ്‍ ഉണ്ടായിരുന്ന കങ്കണയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 3.5 മില്ല്യണിലേക്കാണ് കുതിച്ചത്. സുശാന്തിനെ അപമാനിച്ച കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ ചാറ്റ്‌ഷോയില്‍ എത്തിയ കങ്കണ നേരത്തെ തന്നെ ബോളിവുഡിലെ പക്ഷപാതം സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. കങ്കണയുടെ ഈ ചങ്കൂറ്റം തന്നെയാണ് ആരാധകരുടെ എണ്ണമേറാന്‍ ഇടയാക്കുന്നത്.

ഈ സല്‍മാന്‍ ഖാന്‍ ആരാണ്?

കഴിവിന് പകരം വ്യക്തിഗത ബന്ധങ്ങളുടെ പേരില്‍ ജോലി നല്‍കുന്നതാണ് പരിപാടിയെങ്കില്‍ സൂപ്പര്‍താര മക്കളുടെ സിനിമ കാണാനില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി കഴിഞ്ഞു. ജനം സിനിമ കണ്ടില്ലെങ്കില്‍ ബോളിവുഡില്‍ നിന്ന് തന്നെ പിടിച്ച് പുറത്താക്കുമെന്ന് സുശാന്ത് തന്നെ നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു. മികച്ച സിനിമകള്‍ ചെയ്തിട്ടും അര്‍ഹമായ സ്ഥാനം നല്‍കാതെ ഒഴിച്ചുനിര്‍ത്തുകയും, ഒറ്റപ്പെടുത്തലും നേരിട്ടാണ് സുശാന്ത് അരങ്ങൊഴിഞ്ഞതെന്നാണ് ആരോപണം. സുശാന്ത് ആരാണെന്ന് ആലിയാ ഭട്ട്, സോനം കപൂര്‍ തുടങ്ങിയവര്‍ ചോദിക്കുന്ന വീഡിയോകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു.

എന്തായാലും സുശാന്തിന്റെ മരണം ഉയര്‍ത്തിയ രോഷം പ്രധാനമായി ഏറ്റുവാങ്ങുന്നത് കരണ്‍ ജോഹറും, യാഷ് രാജ് ഫിലിംസും, സല്‍മാന്‍ ഖാനുമാണ്. ഇവരുടെ ചിത്രങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്ന് ആവശ്യപ്പെട്ട് Change.org യില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുകള്‍ 10 ലക്ഷത്തോട് അടുക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയവരോട് മേല്‍പ്പറഞ്ഞ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രൊമോട്ട് ചെയ്യരുതെന്നാണ് ജയശ്രീ ശ്രീകാന്ത് ആരംഭിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, യഷ് രാജ് ഫിലിംസ്, സാജിദ് നാദിയാദ്വാല, ബാലാജി, ടി-സീരീസ് തുടങ്ങിയവര്‍ സുശാന്ത് സിംഗ് രാജ്പുത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പെറ്റീഷന്‍ പറയുന്നു. ടിവി സീരീസിലേക്കും, ഷോര്‍ട്ട് ഫിലിമിലേക്കും ഈ പ്രമുഖര്‍ ഒതുക്കിയെന്നതിനാല്‍ സുശാന്തിന് വിഷാദവും മരണവും ആശ്രയമായി മാറുകയായിരുന്നുവെന്നും പെറ്റീഷനില്‍ കുറിച്ചു.

പെറ്റീഷനിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ-

ഫിസിക്‌സ് ഒളിംപ്യാഡ് ജേതാവും, എഞ്ചിനീയറിംഗ് എന്‍ട്രസില്‍ ടോപ്പറുമായ സുശാന്ത് എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്. 34-ാം വയസ്സില്‍ ആ യാത്ര അവസാനിക്കുകയും ചെയ്തു. സല്‍മാന്‍, ഷാറൂഖ്, കരണ്‍, ഭന്‍സാലി തുടങ്ങി ഏതാനും പേരുടെ സംഘത്തിന്റെ അനുഗ്രഹമില്ലാതെ ബോളിവുഡില്‍ തുടരാന്‍ കഴിയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ തയ്യാറാക്കുന്ന രണ്ടാമത്തെ ഇന്‍ഡസ്ട്രിയിലാണ് അര ഡസന്‍ പക്ഷപാതികള്‍ കൈകാര്യം ചെയ്യുന്നത്.

പ്രത്യേക വംശം, മതം, ചില കുടുംബപ്പേരുകള്‍ എന്നിവ ഉണ്ടെങ്കിലാണ് ബോളിവുഡില്‍ പ്രവേശനം. ഇതല്ലെങ്കില്‍ നിങ്ങള്‍ പുറമെ നിന്നുള്ളവനാണ്. സ്‌കൂളില്‍ പഠനം നിര്‍ത്തിയ കരണ്‍, ആലിയ, കപൂര്‍ കുടുംബങ്ങളിലെ മക്കളെ പോലെയല്ല സുശാന്ത് സിംഗ് ബുദ്ധിശാലിയും, ധിഷണശാലിയുമായിരുന്നു. അദ്ദേഹം ഒരു ചിന്തകനുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ട്രോള്‍ ചെയ്ത് നശിപ്പിക്കുകയും, ഇല്ലാതാക്കുകയുമാണ് ചെയ്തത്, പെറ്റീഷന്‍ ആരോപിക്കുന്നു.