തീര്‍ത്തും അപ്രതീക്ഷിതമായാണ് കൊറോവൈറസ് എന്ന വില്ലന്‍ രംഗപ്രവേശനം നടത്തുന്നത്. ചൈനയില്‍ ഏതോ ഒരു മൂലയില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടെന്ന് കേട്ടപ്പോള്‍ അത് ഇങ്ങ് തൊട്ടടുത്ത് എത്തുകയും, ജീവിതം മാറ്റിമറിക്കുകയും ചെയ്യുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആ വൈറസ് ഇപ്പോള്‍ നമുക്ക് ചുറ്റും അദൃശ്യമായി നടമാടുകയാണ്. ഇതുവരെ ശീലിച്ച രീതികള്‍ മാറ്റിമറിയുമ്പോള് ജോലി ചെയ്യുന്ന മേഖലകളിലും ഇതിന്റെ പ്രത്യാഘാതം പലരും അനുഭവിക്കുന്നുണ്ട്.
കൊറോണയുടെ ഈ വിളയാട്ടം കഴിയുമ്പോള്‍ ജോലി ഉണ്ടാകുമോയെന്ന കാര്യം തന്നെ സംശയത്തിലാണ്! പുതിയ തൊഴില്‍ മേഖലകള്‍ ഉയരുകയും, മറ്റ് ചിലത് തളരുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റെസ്റ്റൊറന്റുകള്‍, ഹോട്ടല്‍, ബാര്‍, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവിടങ്ങളെല്ലാം തിരിച്ചെത്തണമെങ്കില്‍ മറ്റ് മേഖലകള്‍ ഉഷാറായേ മതിയാകൂ.
പഴയതിന് പകരം പുതിയ തൊഴിലിടങ്ങള്‍ രൂപപ്പെടുമെന്നതിനാല്‍ തൊഴില്‍ നഷ്ടം ഒരുപരിധി വരെ നികത്തപ്പെടുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത റീട്ടെയില്‍ മേഖലയാണ് വലിയ തിരിച്ചടി നേരിടുന്ന ഒരു വിഭാഗം. ഇവരുടെ വില്‍പ്പനയും, തൊഴിലും ഇന്റര്‍നെറ്റ് യുഗത്തില്‍ അത്ര എളുപ്പത്തില്‍ മടങ്ങിവരില്ലെന്നാണ് സൂചന. ഇതിനൊപ്പം ബിസിനസ്സ് യാത്രകളും ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലേക്ക് ചുരുങ്ങിയതും ഹോട്ടല്‍ വ്യവസായം പോലുള്ള ചില മേഖലകള്‍ക്ക് നഷ്ടം സമ്മാനിക്കും.
എന്തിനേറെ പറയുന്നു, ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് പഴയ പോലെ രോഗികള്‍ എത്തിച്ചേരാത്തത് മൂലം ഇവര്‍ വരെ പ്രതിസന്ധിയിലാണെന്നതാണ് വാസ്തവം. കൊവിഡ്-19 പതിവ് രോഗങ്ങളും, രോഗികളെയും ഇല്ലാതാക്കിയത് ആശുപത്രി ബിസിനസ്സിന് വെല്ലുവിളിയാണ്. തുണി വ്യവസായത്തില്‍ ഉള്ളവര്‍ മാസ്ക്, പിപിഇ നിര്‍മ്മാണത്തിലേക്കാണ് ശ്രദ്ധ മാറ്റിയിരിക്കുന്നത്. ഈ വര്‍ഷം തൊഴില്‍ മേഖലയെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്തതിനാല്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കാം.