ഹാരി പോട്ടര്‍ കഥകള്‍ സിനിമകളായി കാണാത്തവര്‍ ചുരുക്കമാണ്. അവിശ്വസനീയമായ മാജിക്കല്‍ ലോകം വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ടതോടെയാണ് ജെകെ റൗളിംഗ് എന്ന എഴുത്തുകാരിയെ ലോകം ശ്രദ്ധിച്ചത്. ഹാരി പോട്ടര്‍ സിനിമകള്‍ എത്തിയതോടെ കഥകളും, എഴുത്തുകാരിയും കൂടുതല്‍ പ്രശസ്തയായി.
എന്നാല്‍ 20-കളില്‍ പ്രായമുള്ളപ്പോള്‍ താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളും, ആദ്യ വിവാഹത്തില്‍ നേരിട്ട ഗാര്‍ഹിക പീഡനവും സംബന്ധിച്ച് ആദ്യമായി ജെകെ റൗളിംഗ് മനസ്സുതുറന്നു. പോര്‍ച്ചുഗീസ് ജേണലിസം വിദ്യാര്‍ത്ഥി ജോര്‍ഗ് അറാന്റാസിനൊപ്പമുള്ള ആദ്യ വിവാഹത്തില്‍ തനിക്ക് പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് എഴുത്തുകാരി പറയുന്നു.
ഗാര്‍ഹിക പീഡന, ലൈംഗിക പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട വ്യക്തിയെന്ന് സ്വയം വിശേഷിപ്പിച്ചാണ് റൗളിംഗ് രംഗത്ത് വന്നിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച വ്യക്തി ആരെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് എതിരായ വാക്കുകളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് റൗളിംഗ് തന്റെ അവസ്ഥ വിശദമാക്കിയത്.
54-ാം വയസ്സിലാണ് റൗളിംഗ് തന്റെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ആ കാര്യങ്ങള്‍ വീണ്ടും ആലോചിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടാണ് ഇതിന് കാരണമെന്ന് എഴുത്തുകാരി പറയുന്നു.