കോണ്‍ഗ്രസ് പറയുന്നു ജനങ്ങളല്ല ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയാണ് ഞങ്ങള്‍ക്ക് വലുത്; എങ്ങിനെ ഗതിപിടിക്കും?

0
233

പ്രധാനമന്ത്രിമാരുടെ സുരക്ഷയ്ക്കായി രൂപീകരിച്ചതാണ് എസ്പിജി വിഭാഗം. അത് മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബത്തിന് കൂടി സുരക്ഷ നല്‍കുന്ന രീതിയിലേക്ക് മാറ്റിയത് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്, അതും 10 വര്‍ഷത്തേക്കാണ് സുരക്ഷ നല്‍കേണ്ടത്. കഴിഞ്ഞ 29 വര്‍ഷക്കാലമായി സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധി വദ്രയും എസ്പിജി സുരക്ഷ ആസ്വദിച്ച് വരുന്നു. ഇത് പിന്‍വലിച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വേദനിപ്പിക്കുന്ന ഏറ്റവും വലിയ വിഷയം.

ശൈത്യകാല സമ്മേളനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുസഭകളിലും തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് പിന്‍വലിക്കപ്പെട്ട എസ്പിജി സുരക്ഷ തിരികെ നല്‍കണമെന്നാണ്. രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രശ്‌നങ്ങളിലാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെത്തിയപ്പോള്‍ ആ വിഷയങ്ങളെല്ലാം മറന്ന് അവരുടെ കുടുംബസ്‌നേഹം പ്രകടിപ്പിക്കുന്നതിലേക്ക് മാറിയത് എന്ത് കൊണ്ടാണെന്ന് ചോദിക്കാന്‍ ഈ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്.

ഗാന്ധി-നെഹ്‌റു കുടുംബം സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും വാദിക്കുന്നത്. സൈനിക വ്യൂഹത്തിന് സമാനമായ രീതിയില്‍ കടന്നുപോകുന്ന, ജനങ്ങളെ അകറ്റിനിര്‍ത്തി ആസ്വദിക്കുന്ന ആ അധികാര സ്‌നേഹമാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന റേഞ്ച് റോവറുകള്‍ക്ക് പകരം 2010 മോഡല്‍ ടാറ്റ സഫാരി നല്‍കിയതൊന്നും ഹൈക്കമ്മാന്‍ഡ് പ്രേമികള്‍ക്ക് ഇഷ്ടപ്പെടാന്‍ തീരെ സാധ്യതയില്ല.

സിആര്‍പിഎഫ് നല്‍കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തങ്ങളുടെ സ്റ്റാറ്റസിന് ചേരുന്നതല്ലെന്ന് പറയാതെ പറയുന്ന കോണ്‍ഗ്രസ് സ്വയം ജനങ്ങള്‍ക്ക് മുന്നില്‍ ചെറുതാവുകയാണെന്ന് അവര്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കയറാന്‍ പാടുപെടുന്ന അവര്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കിട്ടിയ അവസരമാണ് എസ്പിജി സുരക്ഷ ഒഴിവാക്കല്‍. ഇത് പ്രയോജനപ്പെടുത്തുകയാണ് നല്ല ബുദ്ധിയുള്ളവരാണെങ്കില്‍ ചെയ്യേണ്ടത്.

ജനങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. കര്‍ഷകര്‍ക്ക് ദുരിതമാണ്. രാജ്യത്തെ മാന്ദ്യം ഇനിയെങ്കിലും തുറന്ന് സമ്മതിക്കണം, എന്നുതുടങ്ങിയ പ്രഖ്യാപനങ്ങള്‍ ട്വിറ്ററില്‍ എഴുതിവിടാന്‍ ആര്‍ക്കും കഴിയും. അത്തരം വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള വേദി പാര്‍ലമെന്റ് തുറന്നിടുമ്പോള്‍ അവിടെ ഒരു കുടുംബത്തിന്റെ എസ്പിജി സുരക്ഷ വിഷയമാക്കി മാത്രം സംസാരിക്കുന്നത് കോണ്‍ഗ്രസിന് ഒട്ടും നല്ലതിനല്ല.