ഷൈലോക്ക് ടീസറിലെ ‘ആ ഡയലോഗ്’ ഷെയിന്‍ നിഗത്തെ ലക്ഷ്യംവെച്ചോ?

0
280

ഒരേ കരങ്ങള്‍ കൊണ്ട് തല്ലുകയും, തലോടുകയും ചെയ്യുന്നത് ലോകത്തിലെ സാധാരണ കാര്യമാണ്. മമ്മൂട്ടിയുടെ ഷൈലോക്ക് ടീസര്‍ പുറത്തുവന്നപ്പോള്‍ അത്തരമൊരു സംശയമാണ് ഉയരുന്നതും. മമ്മൂക്കയുടെ മാസ് കാണിക്കുന്ന ടീസറില്‍ നിര്‍മ്മാതാവിന്റെ പേര് എഴുത്തിക്കാണിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലോഗാണ് ഇതിന് ഹേതുവായിട്ടുള്ളത്.

പ്രശസ്ത നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജാണ് ഷൈലോക്കിന്റെ നിര്‍മ്മാതാവ്. വിവാദങ്ങളില്‍ ആവശ്യത്തിലേറെ ചെന്നുചാടുകയും യുവതാരം ഷെയിന്‍ നിഗമിന് എതിരായ നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്ത നിര്‍മ്മാതാവിന്റെ പേര് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള ഡയലോഗ് ആരെങ്കിലും ശ്രദ്ധിച്ചോ?

‘മലയാളം ഇന്‍ഡസ്ട്രിയില്‍ കിടന്ന് നിനക്ക് ഇനിയും പുളക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?’ എന്ന കലാഭവന്‍ ഷാജോണിന്റെ ഡയലോഗാണ് നിര്‍മ്മാതാവിന്റെ പേര് പ്രത്യക്ഷപ്പെടുമ്പോള്‍ കേള്‍ക്കുക. ഷെയിന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ഇത് തികച്ചും അവിചാരിതമായി സംഭവിച്ചതാണെന്ന് കരുതാനും വയ്യ.

ഇപ്പോള്‍ ഷെയിന്‍ വീണ്ടും മാപ്പ് പറയുകയും, ജോബി ജോര്‍ജ്ജ് താരം തന്റെ മകനെ പോലെയാണെന്ന് വരെ പറയുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഷെയിന്‍ നിഗത്തിന്റെ വിലക്കില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും ജോബി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ക്കുന്നു. തല്ലലും, തലോടലും ഒരേ കരങ്ങള്‍ കൊണ്ട് തന്നെയെന്ന് ആദ്യം പറഞ്ഞതിന്റെ കാരണം ഇപ്പോള്‍ പിടികിട്ടി കാണുമല്ലോ?