ഇന്ദിരാ ക്യാന്റീനിലെ ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്ന് പരിശോധനാഫലം

0
344

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ചായ് പേ ചര്‍ച്ചയും, മോദി കഫെയും ജനശ്രദ്ധ നേടിയത്. സംഗതി ഹിറ്റായതോടെ മറുവശത്ത് കോണ്‍ഗ്രസും ഭക്ഷ്യരംഗത്തേക്ക് കാലെടുത്തുവെച്ചു. കര്‍ണ്ണാടക ഭരിച്ചിരുന്ന സിദ്ധരാമയ്യയാണ് ഇന്ദിരാ ക്യാന്റീന് തുടക്കം കുറിച്ചത്. വിലക്കുറവില്‍ ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ഇന്ദിരാ ക്യാന്റീന്റെ ഉദ്ദേശം.

എന്നാല്‍ ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയാണ് ഇപ്പോള്‍ ചോദ്യചിഹ്നമാകുന്നത്. ഇന്ദിരാ ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ശോചനീയമാണെന്നാണ് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയത്. സാമ്പിളുകള്‍ പരിശോധിച്ച രാമയ്യ അഡ്വാന്‍സ്ഡ് ടെസ്റ്റിംഗ് ലാബറട്ടറിക്ക് പുറമെ സര്‍ക്കാരിന്റെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ റിപ്പോര്‍ട്ട് നല്‍കി.

ജയനഗര്‍, നാഗാപുര, ബൈതാരായണപുര, ജെപി നഗര്‍ തുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ക്യാന്റീനുകളിലെ ഭക്ഷ്യ സാമ്പിളുകളാണ് പരിശോഘനയ്ക്ക് അയച്ചത്. പരിശോധനയില്‍ ഈ ഭക്ഷണങ്ങള്‍ മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും, വേദനയും അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്.

ഇതോടെ ഇന്ദിരാ ക്യാന്റീനുകളിലെ ഭക്ഷണം പരിശോധിക്കാനും, വീഴ്ച വരുത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉത്തരവിറക്കി. ഭക്ഷണം വിലകുറച്ച് വില്‍ക്കുന്നതിന്റെ ഗുണം ലഭിക്കുമെങ്കിലും ഗുണനിലവാരമില്ലെന്നത് പ്രതിസന്ധിയാകുകയാണ്.