യുകെയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരുടെ കുടുംബം സഞ്ചരിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി ഐസ്ലാന്ഡില് പാലം ഇടിച്ചുതകര്‍ത്ത് താഴേക്ക് പതിച്ച് രണ്ട് സ്ത്രീകളും, ഒരു കുട്ടിയും മരിച്ചു. രണ്ട് ബ്രിട്ടീഷ് ഇന്ത്യന്‍ സഹോദരന്മാരും, രണ്ട് ചെറിയ കുട്ടികളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐസ്ലാന്‍ഡ് തലസ്ഥാനമായ റേകാവികിലെ ആശുപത്രിയിലേക്ക് ഇവരെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ സതേണ്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കേഡറാര്സന്ഡൂറിലെ സിംഗിള്‍ ലെയിന്‍ പാലം കടക്കവെയാണ് കൈവരികള്‍ തകര്‍ത്ത് കാര്‍ താഴേക്ക് പതിച്ചത്. ഐസ്ലാന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി ആംസ്ട്രോംഗ് ചാംഗ്സാന് പരുക്കേറ്റവപെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെ കുടുംബത്തെയും അദ്ദേഹം വിവരങ്ങള്‍ അറിയിച്ചു. ‘സ്ഥിതി വളരെ മോശമാണ്. മരിച്ച മൂന്ന് പേരില്‍ ഒരു പിഞ്ചുകുഞ്ഞുണ്ട്. ഏഴ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്’, അദ്ദേഹം അറിയിച്ചു.
യുകെയില്‍ നിന്നുമെത്തിയ കുടുംബത്തില്‍ 30-കളില്‍ പ്രായമുള്ള രണ്ട് ദമ്പതികളും, 3, 8, 9 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ഇളയ പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യന്‍ സഹോദരന്മാരുടെ ഭാര്യമാരാണ് കൊല്ലപ്പെട്ട സ്ത്രീകള്‍. എന്താണ് സംഭവിച്ചതെന്ന് പരുക്കേറ്റവരില്‍ നിന്നും ചോദിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പോലീസ് പറഞ്ഞു.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല. ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട പ്രദേശത്താണ് അപകടം.