ജൂണ്‍ 15-16 തീയതികളില്‍ രാത്രിയില്‍, ഗാല്‍വാന്‍ താഴ്വരയില് കടന്നുകയറിയ ചൈനീസ് സൈനികര്‍ക്കെതിരെ ഇന്ത്യന്‍ സൈനികര്‍ നടത്തിയത് സുധീരമായ അക്രമണമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേണല്‍ ബി സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള 20 ഇന്ത്യന്‍ സൈനികരാണ് ധീരമായി പോരാടി വീരമൃത്യു വരിച്ചത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് ശരീരത്തില്‍ ഗുരുതരമായ പരുക്കുകളും, വിവിധ ഇടങ്ങളില്‍ ഒടിവും ഉണ്ടായിരുന്നുവെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ സൈനികര്‍ കൈയില്‍ കിട്ടുന്നതെല്ലാം ഉപയോഗിച്ച് തിരിച്ചടിച്ചതോടെ ചൈനീസ് പക്ഷത്തും നിരവധി പേര് കൊല്ലപ്പെട്ടു. ‘നമ്മുടെ സൈനികര്‍ പോരാടിക്കൊണ്ടാണ് മരിച്ചതെന്നതിനാല്‍ രാജ്യം ഇവരെ ഓര്‍ത്ത് അഭിമാനിക്കും’, എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 17ന് പ്രതികരിച്ചത്. ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന പ്രഖ്യാപനം ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിരവധി പേര് പങ്കുവെച്ചതോടെ അവരുടെ സര്‍ക്കാര്‍ ഇത് നീക്കം ചെയ്യാനാണ് തിടുക്കം കാണിച്ചത്.
കടുപ്പമേറിയ പ്രതലത്തില്‍ മണിക്കൂറുകളോളം കൈക്കരുത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. തണുത്തുറഞ്ഞ വെള്ളത്തില്‍ വീണാണ് കൂടുതല്‍ ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടതെന്നാണ് വിവരം. കഠിനമായ പോരാട്ടമാണ് ജീവത്യാഗം ചെയ്ത ഇന്ത്യന്‍ സൈനികര്‍ നടത്തിയതെന്ന് ശ്രോതസ്സ് വെളിപ്പെടുത്തി. തങ്ങളുടെ കമ്മാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു അക്രമിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ടീം തിരിച്ചടിക്കാന്‍ ഇറങ്ങിത്തിരിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കൈയില്‍ കിട്ടിയ കത്തിയും, മറ്റും ഉപയോഗിച്ചാണ് ചൈനീസ് നിരയില്‍ ഇന്ത്യയുടെ പോരാളികള്‍ കടുത്ത പ്രത്യാക്രമണം നടത്തിയതെന്നാണ് വിവരം. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി നിയന്ത്രണ രേഖയില്‍ സൈനിക വിന്യാസം ഊര്‍ജ്ജിതമാക്കിയത് മുതല്‍ ഇന്ത്യ ലഡാക്കിലേക്ക് വന്‍തോതില്‍ സൈന്യത്തെ സജ്ജമാക്കുകയാണ്. അതേസമയം തങ്ങള്‍ക്ക് എത്ര സൈനികരെ നഷ്ടമായെന്ന് സ്ഥിരീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. 1962-ലും ചൈന തങ്ങളുടെ നഷ്ടം മറച്ചുവെച്ചിരുന്നു.
ഇക്കുറിയും എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ചൈനയ്ക്ക് നാണക്കേട് കാണും, പ്രത്യേകിച്ച് ഇന്ത്യന്‍ സൈനികരുടെ ധീരമായ പോരാട്ടത്തില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാന്‍ ഇറങ്ങിയ ചൈനീസ് പക്ഷത്ത് അധിക നഷ്ടം നേരിട്ടെന്ന് വ്യക്തമാക്കാന്‍ ബീജിംഗിലെ മേലാളന്മാര്ക്ക് ധൈര്യം കാണില്ല. അതിന്റെ കൂടി പശ്ചാത്തലത്തിലാകണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ചൈന തങ്ങളുടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും നീക്കുന്നത്.