ഇന്ത്യന്‍ റെയില്‍വെ കൃത്യസമയത്ത് ട്രെയിന്‍ ഓടിച്ചാല്‍ കാക്ക മലന്ന് പറക്കുമെന്ന് പറഞ്ഞവന്മാരൊക്കെ കേള്‍ക്കാനാണ് പറയുന്നത്, ചരിത്രത്തില്‍ ആദ്യമായി ആ മഹത്തായ കാര്യം സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ അതിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രെയിനുകളും 100% കൃത്യത പാലിച്ചു. ജൂലൈ 1-നുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഈ മഹാസംഭവം.
ഒന്നാം തീയതി ഓടിയ 201 ട്രെയിനുകളില്‍ ഒന്ന് പോലും സമയം വൈകിയില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. പതിവായുള്ള യാത്രാ ട്രെയിനുകള്‍ റദ്ദാക്കി പരിമിതമായ സര്‍വ്വീസാണ് ഇന്ത്യന്‍ റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. പ്രത്യേകിച്ച് മറ്റ് ഇടങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാനാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയത്.
ജൂണ്‍ 23ന് ഒരു ട്രെയിന്‍ മാത്രം കൃത്യസമയം പാലിക്കാതെ കടന്നുപോയിരുന്നു. എന്നാല്‍ ജൂലൈ 1ന് 201 ട്രെയിനുകളും 100% സമയകൃത്യത പാലിച്ച് ചരിത്രം കുറിച്ചു. ഈ മഹത് സംഭവത്തിന്റെ സന്തോഷം റെയില്‍വെ മറച്ചുവെച്ചില്ല, വാര്‍ത്താക്കുറിപ്പിലൂടെ ആ വാര്‍ത്ത ലോകത്തെ അറിയിച്ചു.
കൊറോണ മൂലം നിലവില്‍ ആഗസ്റ്റ് 12 വരെയാണ് റെയില്‍വെയുടെ പതിവ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ സമയം പാലിച്ചാല്‍ അത് ചരിത്രത്തില്‍ ഉറപ്പായും ഇടംപിടിക്കും.