ഈ ക്രിക്കറ്റ് താരങ്ങളെ സിനിമയില്‍ എടുത്തേ; ക്രിക്കറ്റില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍; സച്ചിന്‍ മുതല്‍ ശ്രീശാന്ത് വരെ

0
278

ക്രിക്കറ്റ്, സിനിമാ, സംഗീതം… ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് മൂന്നും ഒത്തുചേരാത്ത ഒരു പരിപാടിയുമില്ല. ഓരോ വീട്ടിലും ഇതില്‍ ഏതെങ്കിലും ഒന്ന് ഇഷ്ടപ്പെടുന്ന ഒരാള്‍ ഉറപ്പായും ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സിനിമാ രംഗത്തേക്ക് എത്തുന്നതും അത്ഭുതകാര്യമല്ല.

ഇര്‍ഫാന്‍ പത്താനും, ഹര്‍ഭജന്‍ സിംഗുമാണ് ഈ പട്ടികയില്‍ അടുത്തിടെ ഇടംപിടിച്ച ക്രിക്കറ്റ് താരങ്ങള്‍. തമിഴ് സൂപ്പര്‍താരം വിക്രമിന്റെ തമിഴ് ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. തുര്‍ക്കി വംശജനായ കഥാപാത്രത്തെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ചിത്രത്തില്‍ അവതരിപ്പിക്കുക.

ഇന്ത്യയുടെ ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗ് കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ഡിക്കിലോന എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിലെത്തുക. സന്താനമാണ് ചിത്രത്തില്‍ നായകന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള പങ്കാളിത്തവും, തമിഴ് സംസ്‌കാരത്തോടുള്ള സ്‌നേഹവും പരിഗണിച്ചാണ് ഭാജിയെ സിനിമയിലെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്താണ് സിനിമയിലെത്തിയ മറ്റൊരു താരം. ഹരി-ഹരീഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ ഹന്‍സികയ്‌ക്കൊപ്പമാണ് ശ്രീ വേഷമിടുക. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. നേരത്തെ അക്‌സര്‍ 2, ടീം 5, കാബറെറ്റ് തുടങ്ങി ചിത്രങ്ങളിലും ശ്രീശാന്ത് അഭിനയിച്ചിരുന്നു.

കപില്‍ ദേവ് സ്റ്റംപ്ഡ്, ഡേവിഡ് ധവാന്റെ മുജ്‌സെ ശാദി കരോഗെ എന്നിവയ്ക്ക് പുറമെ ഇഖ്ബാലിലും അതിഥി താരമായി എത്തി. ജയം രവിയുടെ സന്തോഷ് സുബ്രഹ്മണ്യത്തില്‍ സദഗോപന്‍ രമേഷ് അഭിനയിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ അജയ് ജഡേജ, അനില്‍ കുംബ്ലെ, യുവരാജ് സിംഗ്, വിനോദ് കാംബ്ലി എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒരൊറ്റ സിനിമാ-ഡോക്യുമെന്ററിയിലാണ് എത്തിയത്. പക്ഷെ അത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ കഥ പറഞ്ഞ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ബയോഗ്രാഫി ഡോക്യുമെന്ററിയിലായിരുന്നു.