മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നേരിടേണ്ടത് ഓസീസ് പടയുടെ പോരാട്ടം മാത്രമല്ല കാണികളുടെ വംശീയ അധിക്ഷേപങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും, ആരാധകരെയും ലക്ഷ്യമിട്ട് നടക്കുന്ന വംശീയമായ അധിക്ഷേപങ്ങളുടെ പേരില്‍ ഒരു വിഭാഗം കാണികള്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. ഓസ്ട്രേലിയയക്കെതിരെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ 346 റണ്‍ മുന്നിലാണ്.
കളിക്കളത്തില്‍ ഇന്ത്യ, ഓസീസ് താരങ്ങള്‍ തമ്മില്‍ ചൂടേറിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം മത്സരത്തിന്റെ അതിര്‍വരമ്പിനുള്ളില്‍ നിന്നാണെന്ന് ഇരുടീമുകളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ എംസിജിയിലെ ബേ 13-ല്‍ ഇടംപിടിച്ചിട്ടുള്ള കാണികള്‍ വംശീയമായാണ് ഇന്ത്യക്കാരെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. ‘നിങ്ങളുടെ വിസ കാണിക്കൂ’ എന്ന് വിളിച്ച് പറയുന്നതോടൊപ്പം വംശീയമായ അധിക്ഷേപങ്ങളാണ് രണ്ട് ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിക്ടോറിയ പോലീസിന് കൈമാറി. സ്റ്റേഡിയത്തിലെ ഒരു വിഭാഗം കാണികളുടെ പെരുമാറ്റം പോലീസ് നിരീക്ഷിക്കുകയാണ്. ‘വിക്ടോറിയ പോലീസും, സ്റ്റേഡിയം സെക്യൂരിറ്റിയും നിരീക്ഷണം നടത്തുന്നുണ്ട്. ആരാധകരുമായി ചര്‍ച്ച നടത്തി മാന്യമായ പെരുമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’, സിഎ വ്യക്തമാക്കി.
ബേ 13-ലെ കാണികള്‍ക്ക് വംശീയ അധിക്ഷേപം നിര്‍ത്താന്‍ താക്കീത് നല്കിയ സിഎ ഇനി ആവര്‍ത്തിച്ചാല്‍ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്. എംസിജിയില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിരാട് കോലിയെ കാണികള്‍ കൂകിയാണ് വരവേറ്റത്.