ആശ്വാസമില്ല, ആശങ്ക ബാക്കി; പാസഞ്ചര്‍ കാര്‍ വില്‍പ്പന 24% കുറഞ്ഞു; കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 62% കുറവ്

0
284

ഇന്ത്യയിലെ വാഹന വ്യവസായ മേഖലയ്ക്ക് സെപ്റ്റംബറിലും ആശ്വാസ വാര്‍ത്തയില്ലാതെ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) കണക്ക്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 23.69 ശതമാനം ഇടിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന സെപ്റ്റംബറില്‍ 62.11 ശതമാനം കുറവാണ്.

രാജ്യത്തെ വാഹന വില്‍പ്പന തുടര്‍ച്ചയായ പതിനൊന്നാം മാസവും കീഴേക്ക് പോയെന്നാണ് സിയാം കണക്ക് പറയുന്നത്. ദശകങ്ങള്‍ക്കിടെയുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥയിലാണ് വാഹന മേഖല. 2018 സെപ്റ്റംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2,23,317 യൂണിറ്റാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം കുറഞ്ഞത്.

ഇക്കഴിഞ്ഞ മാസങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത് വാഹന മേഖലയില്‍ മാന്ദ്യത്തിന് വഴിയൊരുക്കിയിട്ടുണ്ട്. നേരിട്ടും, അല്ലാതെയും 3.5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രംഗത്ത് വന്‍തോതില്‍ ജോലി കുറയുമെന്നും ആശങ്കയും വ്യാപകമാണ്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവൃത്തി ദിനങ്ങള്‍ കുറച്ചാണ് പ്രതിസന്ധിയെ നേരിടുന്നത്. വില്‍പ്പനയിലെ കുറവ് താല്‍ക്കാലികമാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇത് പ്രതിഫലിക്കാത്തത് ആശങ്ക ബാക്കിയാക്കുന്നു.