ക്രിസ്മസ് ദിനത്തില്‍ ഭാര്യക്കും മകനുമൊപ്പം ഫോട്ടോ എടുത്ത ശേഷം ജോലിക്കിറങ്ങിയ ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു

0
401
Indian American officer with his family

ട്രാഫിക് പരിശോധനയ്ക്കിടെ അജ്ഞാതനായ ആയുധധാരിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ യുഎസിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു. 33-കാരനായ കോര്‍പ്പല്‍ റോണില്‍ സിംഗാണ് കൊല്ലപ്പെട്ടത്. ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന സിംഗ് ക്രിസ്മസ് ദിനത്തില്‍ ഓവര്‍ടൈം ചെയ്യവെയാണ് അതിക്രമത്തിന് ഇരയായത്.

റേഡിയോയില്‍ വെടിയേറ്റു എന്ന് റോണില്‍ സിംഗ് പറഞ്ഞതായി അന്വേഷണം നയിക്കുന്ന സ്റ്റാനിസ്ലോസ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. വിവിധ ഏജന്‍സികള്‍ സഹായവുമായി എത്തുമ്പോള്‍ വെടിയേറ്റ് കിടക്കുകയായിരുന്നു സിംഗ്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു, ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതിയെയും, വാഹനത്തെയും കണ്ടെത്താന്‍ സര്‍വ്വെയിലന്‍സ് ഫോട്ടോഗ്രാഫുകള്‍ അന്വേഷണസംഘം പുറത്തുവിട്ടു. അജ്ഞാതന്റെ പക്കല്‍ ആയുധമുള്ളതിനാല്‍ അപകടമാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ മുന്നറിയിപ്പ് നല്‍കി. ഭാര്യ അനുഷ്‌കയും, 5 മാസം പ്രായമുള്ള മകനും അടങ്ങുന്നതാണ് സിംഗിന്റെ കുടുംബം.

സിംഗിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി കാലിഫോര്‍ണിയ കാപ്പിറ്റല്‍ പതാകകള്‍ പാതി താഴ്ത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭാര്യക്കും മകനും ഒപ്പം ക്രിസ്മസ് ഫോട്ടോ എടുത്ത ശേഷം ജോലിക്ക് ഇറങ്ങിയതായിരുന്നു സിംഗ്.