ചുവപ്പ് പോലെ തുണയ്ക്കുമോ പിങ്ക്; ആദ്യ പകല്‍-രാത്രി ടെസ്റ്റിന് 72 പന്തുകള്‍ ഓര്‍ഡര്‍ ചെയ്ത് ഇന്ത്യ

0
288

ഇതാദ്യമായി ഇന്ത്യ ആദ്യത്തെ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ബിസിസിഐ പുതിയ 72 പിങ്ക് പന്തുകളാണ് നിര്‍മ്മാതാക്കളായ എസ്ജിയ്ക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിനായുള്ള ചുവന്ന പന്ത് നിര്‍മ്മിക്കുന്നത് എസ്ജിയാണ്. നവംബര്‍ 22ന് ഈഡന്‍ ഗാര്‍ഡനില്‍ ഈ രാത്രി ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍.

ചുവന്ന പന്തിന് സമാനമായ രീതിയില്‍ പന്ത് തയ്യാറാക്കാനാണ് ശ്രമമെന്ന് എസ്ജി വ്യക്തമാക്കി. പിങ്ക് പന്തിന്റെ നിറവും, രൂപവും നിലനിര്‍ത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. പന്തിന്റെ റിവേഴ്‌സ് സ്വിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സംഗതിയാണ്. ഇത് പിങ്ക് പന്തില്‍ കൊണ്ടുവരുന്നതാണ് തലവേദന.

ഇന്ത്യന്‍ പേസര്‍മാര്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഈ സ്വിംഗിന്റെ മികവിലാണ്. ഇന്ത്യന്‍ പിച്ചുകളില്‍ പോലും അവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് അക്രമണമാണ് എതിരാളികളുടെ നടുവൊടിക്കുന്നതും. അതുകൊണ്ട് തന്നെ പിങ്ക് പന്തുമായി ഏത് തരത്തിലാണ് ഇവര്‍ താതാത്മ്യം പ്രാപിക്കുകയെന്നത് സുപ്രധാനമാകും.