ഏതാണ്ട് ഒരേ സമയത്താണ് ഇന്ത്യയും, ന്യൂസിലാന്‍ഡും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണാവൈറസെന്ന കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത എതിരാളിയെ ഒതുക്കാന്‍ അതിലും വലിയ പ്രതിരോധങ്ങളൊന്നും ആര്‍ക്ക് മുന്നിലും തെളിഞ്ഞിട്ടില്ല. പക്ഷെ ഇതിന്റെ പരിണിത ഫലങ്ങള്‍ ഇരുരാജ്യങ്ങളിലും വ്യത്യസ്തമായാണ് വന്നുഭവിച്ചത്.
50 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ ഒരു വൈറസ് കേസ് പോലുമില്ല. എന്നാല്‍ 135 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടില്ല. വളരെ നേരത്തെ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇരു രാജ്യങ്ങളുടെയും നടപടിയെ ആരോഗ്യ വിദഗ്ധര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 25ന് 519 കൊറോണാവൈറസ് കേസുകള്‍ ഉള്ളപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ജസീന്താ ആര്ഡന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ന്യൂസിലാന്‍ഡില്‍ 205 കേസുകളും കണ്ടെത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും ആദ്യ വൈറസ് കേസുകള്‍ ചൈനയില്‍ നിന്നും എത്തിയതായിരുന്നു.

അനുസരണ വേണം, അനുസരണ
കേരളത്തില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത് അടുത്ത ദിവസം ഇന്ത്യ ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. ന്യൂസിലാന്‍ഡ് ഫെബ്രുവരി 3ന് ഈ നടപടി കൈക്കൊണ്ടു. മാര്‍ച്ച് 25ന് അതിര്‍ത്തികള്‍ അടച്ച ന്യൂസിലാന്‍ഡ് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കി.
ഇന്ത്യ മാര്‍ച്ച് 25നാണ് അതിര്‍ത്തി അടച്ചത്. യാത്ര ചെയ്തെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചെങ്കിലും ന്യൂസിലാന്‍ഡുകാര്‍ അനുസരണ കാണിച്ചത് പോലെ ഇന്ത്യയില്‍ നടന്നില്ല. ഇതിന് പുറമെ ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചില്ല. ജീവനക്കാര്‍ നിര്‍ബന്ധമായി സേവനത്തിനെത്താന്‍ ദേശീയ ബാങ്കുകള്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചു. ആളുകള്‍ ബാങ്ക് സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.

ചന്ത ചതിച്ചപ്പോള്‍
പ്രാദേശിക പച്ചക്കറി വിപണികള്‍ തടസ്സങ്ങള്‍ കൂടാതെ പ്രവര്‍ത്തിച്ചു. സാമൂഹിക അകലം പാലിക്കാനൊന്നും ആരും മെനക്കെട്ടില്ല. ന്യൂസിലാന്‍ഡിലാകട്ടെ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കൃത്യമായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയും, ജനം അനുസരിക്കുകയും ചെയ്തു.
ഇതിന്റെ പരിണിതഫലം ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. ഏപ്രില്‍ 27ന് ന്യൂസിലാന്‍ഡ് ജാഗ്രതാ പരിധി ലെവല്‍ 3-ലേക്ക് മാറ്റി. ഏപ്രില്‍ 28ന് അവിടെ പോസിറ്റീവ് കേസുകള്‍ 1472, ഇന്ത്യയിലാകട്ടെ 31,300 ആയിരുന്നു.

മരണത്തിന് അവകാശികള്‍
ന്യൂസിലാന്‍ഡില്‍ മരണങ്ങള് 22 മാത്രമായി ഒതുങ്ങിയപ്പോള്‍ ഇന്ത്യയില്‍ ഇത് 8884 ആണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങളും, നിയമങ്ങളും കൃത്യമായി അനുസരിച്ചതിന്റെ ഗുണം ന്യൂസിലാന്‍ഡ് കൊയ്തെടുത്തപ്പോള്‍ ഇന്ത്യയില്‍ സ്വന്തം ശീലങ്ങളും, ഇഷ്ടങ്ങളും മാറ്റാന്‍ തയ്യാറല്ലാതെ നമ്മള് മരണത്തെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്തത്.
ഇന്ത്യയിലെ പൂനെ പോലൊരു നഗരത്തിന്റെ മാത്രം ജനസംഖ്യയുള്ളതിനാല്‍ കൊറോണയെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും ന്യൂസിലാന്‍ഡിന് എളുപ്പം സാധിച്ചു. 135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ ഓരോ പൗരനും ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വ്യത്യാസം.