ചുംബിച്ച് മതിയായി ; 17 വര്‍ഷം നിങ്ങളൊന്ന് ചെയ്ത് നോക്ക് ; ഇമ്രാന്‍ ഹാഷ്മി ഇനി ലിപ് ലോക്കിനില്ല !!

0
355

ലിപ് ലോക്ക് എന്നു കേട്ടാല്‍ ഇമ്രാന്‍ ഹാഷ്മിയെ ഓര്‍മ്മവരുന്നവരുണ്ട്. കാരണം വര്‍ഷങ്ങളായി തന്റെ സിനിമയില്‍ ചുംബന രംഗം ഒഴിവാക്കാറില്ല ഈ താരം. എന്നാല്‍ സിനിമയില്‍ വന്ന കാലം മുതല്‍ തലയില്‍ ചാര്‍ത്തപ്പെട്ട ആ പേര് നീക്കാന്‍ ഒരുങ്ങുകയാണ് ഹാഷ്മി. അതിന്റെ ഭാഗമായി ചുംബനങ്ങളില്‍ നിന്നും താന്‍ വിരമിച്ചെന്നാണ് താരത്തിന്റെ പ്രഖ്യാപനം.

‘ചുംബിച്ച് മതിയായി, എന്റെ വേദന ആരറിയാന്‍. 17 വര്‍ഷം നിങ്ങളൊന്ന് ചെയ്തു നോക്ക്. ഒരു സിനിമയില്‍ ചുരുങ്ങിയത് 20 ചുംബനരംഗങ്ങള്‍ കാണും’, ഹാഷ്മി വ്യക്തമാക്കി. അത്തരം രംഗങ്ങളോട് എതിര്‍പ്പില്ല. ഒരു തരത്തില്‍ ഹിറ്റ് സിനിമകള്‍ ഇവ സമ്മാനിക്കുകയും ചെയ്തു. പക്ഷെ അഭിനേതാക്കള്‍ക്ക് ലേബല്‍ ചാര്‍ത്തപ്പെടും. മറ്റാര്‍ക്കും ലഭിക്കാത്ത അതിശയിപ്പിക്കുന്ന വിളിപ്പേരാണ് തനിക്ക് ലഭിച്ചത്, താരം പറയുന്നു.

ഏതെങ്കിലും തരത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്നും പിന്‍മാറ്റം ബുദ്ധിമുട്ടാണ്. ഒരൊറ്റ ദിവസം കൊണ്ട് ആ ഇമേജ് മാറ്റാനും കഴിയില്ല. തന്റെ പുതിയ ചിത്രമായ വൈ ചീറ്റ് ഇന്ത്യ പോലുള്ള സിനിമകളിലൂടെ വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് ശ്രമം. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ ചതികളെക്കുറിച്ചാണ് സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പറയുന്നത്. എന്തായാലും ചിത്രത്തില്‍ ഹാഷ്മി ചുംബിക്കില്ലെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തോടെ ഉറപ്പായി.