ഇടുക്കിയില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവെ ജീപ്പില്‍ നിന്നും കാട്ടുപാതയില്‍ തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ കുറച്ച് നാള് മുന്‍പാണ് വൈറലായത്. എന്നാല്‍ വനപാലകര്‍ കുഞ്ഞിനെ രക്ഷിച്ചെന്ന വൈറല്‍ വാര്‍ത്ത പൊളിച്ചാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.
റോഡില്‍ ഇഴഞ്ഞുനടന്ന കുഞ്ഞിനെ ആ വഴിയെത്തിയ ഡ്രൈവറാണ് വാരിയെടുത്തതെന്ന് സിസിടിവി വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 8-നാണ് ഒരു വയസ്സുള്ള കുഞ്ഞ് ഇടുക്കിയിലെ രാജമലയ്ക്ക് സമീപമുള്ള വളവില്‍ വെച്ച് ജീപ്പില്‍ നിന്നും പുറത്തേക്ക് വീണത്. ഏതാനും മീറ്റര്‍ അകലെയുള്ള ചെക്ക്പോസ്റ്റിലേക്ക് കുഞ്ഞ് ഇഴഞ്ഞുനീങ്ങുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്.

ഇതുകണ്ട് ഡ്യൂട്ടിയിലുണ്ടായ വനപാലകര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷിച്ചെന്നായിരുന്നു നേരത്തെ വിവരം. എന്നാല്‍ ഈ സമയത്ത് ഓട്ടോയിലെത്തിയ ഡ്രൈവര്‍ കാളിരാജാണ് കുഞ്ഞിനെ യഥാര്‍ത്ഥത്തില്‍ റോഡില്‍ നിന്നും രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത് ശ്മശാനം സ്ഥിതി ചെയ്യുന്നതില്‍ പ്രദേശത്ത് പ്രേതബാധയുണ്ടെന്നാണ് ഇവിടുത്തെ വിശ്വാസം.
ട്രിപ്പ് കഴിഞ്ഞ് ചെക്ക്പോസ്റ്റിന് സമീപത്തേക്ക് കാളിരാജ് ഓട്ടോയില്‍ എത്തുമ്പോഴാണ് കാളിരാജ് രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാര്‍ ശ്മശാനത്തിന്റെ ദിശയില്‍ നോക്കിനില്ക്കുന്നത് കാണുന്നത്. എന്തോ ഒന്ന് ഇഴഞ്ഞ് പോകുന്നത് കണ്ടെന്നും എന്നാല്‍ പരിശോധിക്കാന്‍ ധൈര്യം പോരെന്നും ഇവര്‍ പറഞ്ഞു. ഇതോടെ കാളിരാജ് മുന്നോട്ട് ചെന്ന് കുഞ്ഞിനെ ധൈര്യപൂര്‍വ്വം എടുത്ത് കൊണ്ടുവന്ന് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം വന്നതോടെയാണ് പൂര്ണ്ണമായസിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.